ടെഹ്‌റാൻ: ഇസ്രായേൽ തങ്ങളുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങളിൽ വശം കെട്ട ഇറാൻ ഒടുവിൽ മുസ്ലിം കാർഡ് പുറത്തെടുത്തു. ഇസ്രയേലിനെതിരെ മുസ്ലിം ഐക്യം വേണമെന്നാണ് ഇറാൻ ഇപ്പോൾ മുന്നോട്ട് വെക്കുനന് നിർദേശം.
ഇസ്രായേൽ നടത്തുന്ന അന്താരാഷ്‌ട്ര നിയമ ലംഘനങ്ങൾക്കെതിരെ ഇസ്ലാമിക രാജ്യങ്ങൾ കൂട്ടായ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്‌ചി ആവശ്യപ്പെട്ടു. ഞായറാഴ്ച ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ (ഒഐസി)ക്കു മുൻപാകെയാണ് ഇറാൻ ഈ ആവശ്യം ഉന്നയിച്ചത്.
ഇറാനെതിരായ ഇസ്രായേലിന്റെ സൈനിക ആക്രമണത്തെ അപലപിച്ചതിന് നന്ദി പ്രകാശിപ്പിക്കാൻ ഒഐസി സെക്രട്ടറി ജനറൽ ഹിസ്സൈൻ ബ്രാഹിം താഹയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്‌ചി ഈ ആവശ്യം ഉന്നയിച്ചത്. തുടർന്ന് അരഖ്ചി അദ്ദേഹത്തോട് നന്ദി പറഞ്ഞതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി ഇർന റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഞായറാഴ്ച ടെഹ്‌റാനിൽ അംബാസഡർമാരെയും ഉദ്യോഗസ്ഥരെയും വിദേശ ദൗത്യ മേധാവികളെയും അഭിസംബോധന ചെയ്യവെ, ഇറാൻ അതിർത്തികൾക്കപ്പുറത്തേക്ക് യുദ്ധം വ്യാപിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അരഖ്ചി ഊന്നിപ്പറഞ്ഞിരുന്നു. അതിനു ശേഷമാണു ഇതിനു കടക വിരുദ്ധമായ ” ഇസ്‌ലാമിക രാജ്യങ്ങൾ യോജിച്ച് ഇസ്രയേലിനെതിരെ നടപടി” എന്ന ആവശ്യം ഓ ഐ സി ക്കു മുൻപാകെ ഇറാൻ അവതരിപ്പിച്ചത്.
അന്താരാഷ്‌ട്ര നിയമത്തിന്റെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് ഇസ്രയേലിന്റെ ആക്രമണം എന്നും പ്രാദേശിക, ആഗോള സ്ഥിരതയ്‌ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും അരഖ്ചി പറഞ്ഞു.ഇറാന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശം ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ സായുധ സേന സജ്ജമാണെന്ന് ഊന്നിപ്പറഞ്ഞു.
എന്നാൽ സൈനിക സംഘർഷം രൂക്ഷമാകുന്നതിൽ ഒഐസി സെക്രട്ടറി ജനറൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്‌ട്ര പിന്തുണ സമാഹരിക്കുന്നതിനും മേഖല കൂടുതൽ അസ്ഥിരമാകുന്നത് തടയുന്നതിനും സംഘടന ഐക്യരാഷ്‌ട്രസഭയുമായി സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.















