തൃശൂർ: ചാലക്കുടിയിലെ വ്യാജ ലഹരിക്കേസിൽ ഷീല സണ്ണിയെ കുടുക്കിയത് താനാണെന്ന് സമ്മതിച്ച് മുഖ്യപ്രതി ലിവിയ. തന്നെക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചതിലുള്ള പകയാണ് ഇതിന് കാരണമായതെന്നും ലിവിയ പോലീസിനോട് പറഞ്ഞു. എന്നാൽ ലിവിയയുടെ ആരോപണങ്ങൾ തള്ളിയ ഷീല സണ്ണി, ലിവിയയുടെ ബന്ധുക്കൾ തന്നെയാണ് അവർക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചതെന്ന് പ്രതികരിച്ചു .
മുംബൈയിൽ അറസ്റ്റിലായ ലിവിയ ജോസിനെ ഇന്ന് രാവിലെയാണ് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തത്. ബെംഗളൂരുവിൽ ഹോട്ടൽ മാനേജ്‌മന്റ് കോഴ്സ് പഠിക്കുന്ന ലിവിയക്ക് ഇത്രയും പണം എങ്ങനെ കിട്ടിയെന്ന് ഷീല മകനയച്ച ശബ്ദ സന്ദേശം മരുമകൾ വഴി ലിവിയയിലെത്തിയതാണ് പകയുടെ കാരണം. മരുമകളുടെ പത്ത്‌സെന്റ് സ്ഥലം ഷീലയുടെ വീട്ടുകാർ വിറ്റ് കടം വീട്ടിയിരുന്നു. തനിക്കും സഹോദരിക്കും അവകാശപ്പെട്ട സ്വത്ത് ഷീല നശിപ്പിച്ചുവെന്ന തോന്നലും പക വർദ്ധിപ്പിച്ചു
എന്നാൽ സഹോദരിക്ക് കൃത്യത്തിൽ പങ്കില്ലെന്നും ലിവിയ പറഞ്ഞു. ആൺ സുഹൃത്ത് നാരായണദാസാണ് ഷീലയെ കുടുക്കാൻ സഹായിച്ചത്. എല്‍എസ്ഡി സ്റ്റാമ്പ് വെക്കാനുള്ള തന്റെ പദ്ധതി അറിയിച്ചപ്പോൾ നാരായണദാസ് ആഫ്രിക്കക്കാരനിൽ നിന്ന് സ്റ്റാമ്പ് വാങ്ങി നൽകുകയായിരുന്നു.അതുമായി നാട്ടിലെത്തി ഷീലയുടെ ബാഗിലും സ്കൂട്ടറിലും വച്ചു. ശേഷം നാരായണദാസ് എക്സൈസിനെ വിവരമറിയിച്ച് ഷീലയെ കുടുക്കുകയായിരുന്നുവെന്നും ലിവിയ പറയുന്നു.
തനിക്കുണ്ടായ അപമാനത്തിന് ഷീലയെ സമൂഹത്തിൽ നാണംകെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതി പൊലീസിനോട് പറഞ്ഞു. എന്നാൽ വ്യാജ സ്റ്റാമ്പ് നൽകി ആഫ്രിക്കക്കാരൻ പറ്റിച്ചുവെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ലിവിയയെ പറ്റിച്ചത് നാരായണദാസ് ആണോയെന്ന് പൊലീസ് പരിശോധിക്കും. സംഭവത്തിൽ ലിവിയയെയും ആൺ സുഹൃത്ത് നാരായണ ദാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇതിനായി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം ആരോപണങ്ങൾ കളവാണെന്ന് ആരോപിച്ച് ഷീല സണ്ണിയും രംഗത്തെത്തി. ലിവിയയുടെ സ്വഭാവ ദൂഷ്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ അവരുടെ ബന്ധുക്കൾ തന്നെ ബെംഗളൂരുവിലേക്ക് പോകാനിരിക്കുകയായിരുന്നുവെന്നും ആരോപണം ഉന്നയിച്ചത് താനല്ലെന്നും അവർ പറഞ്ഞു.















