നേപ്പാളിലെ എവറസ്റ്റ് കൊടുമുടിക്ക് സമീപം വിഷപ്പാമ്പുകളെ കണ്ടെത്തിയതായി റിപ്പോർട്ട്. ഒന്നരമാസത്തിനിടെ പത്ത് രാജവെമ്പാലകളെയാണ് ഇവിടെ കണ്ടത്. ഹിമാലയൻ പർവതനിരകൾക്ക് സമീപമുള്ള തണുത്ത കാലാവസ്ഥയിൽ ഈ വിഷപ്പാമ്പുകൾ പ്രത്യക്ഷപ്പെടുന്നത് ആഗോളതാപനം വഷളാകുന്നതിന്റെ സൂചനയാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.
സാധാരണയായി, നെൽവയലുകൾ, ചതുപ്പുകൾ, കണ്ടൽക്കാടുകൾ തുടങ്ങിയ ഈർപ്പമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഈ പാമ്പുകളെ കാണപ്പെടുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം വിഷപ്പാമ്പുകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുന്നുണ്ടാകാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
നേപ്പാളിലെ കുന്നുകളിലെയും മലകളിലെയും താപനില പ്രതിവർഷം 0.05°C എന്ന നിരക്കിൽ വർദ്ധിച്ചുവരുന്നുണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. താപനിലയിലെ വർദ്ധനവ് ഉഷ്ണമേഖലാ ജീവിവർഗങ്ങളെ ഉയർന്ന പ്രദേശങ്ങളിലേക്ക് കുടിയേറാനും വളരാനും അനുവദിച്ചേക്കാം.
അതേസമയം നേപ്പാളിലെ ദേശീയ റെഡ് ഡാറ്റാ ബുക്കും ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (ഐ.യു.സി.എൻ) റെഡ് ലിസ്റ്റും അനുസരിച്ച്, രാജവെമ്പാലകൾ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗമാണ്.















