ദിവസങ്ങൾക്ക് മുൻപ് നടന്ന വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് നീക്കി ഇന്ത്യൻ താരം കുൽദീപ് യാദവ്. ലക്നൗവിൽ ഈ മാസം നാലിനായിരുന്നു സ്വകാര്യമായി കുൽദീപിന്റെ വിവാഹ നിശ്ചയം നടത്തിയത്. ബാല്യകാല സുഹൃത്ത് വൻഷികയെയാണ് താരം വിവാഹം ചെയ്യാൻ തീരുമാനിച്ചത്.
സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ ആഘോഷങ്ങളും പരിമിതമായിരുന്നു. ഇന്ത്യൻ താരം റിങ്കു സിംഗ് ഉൾപ്പടെയുള്ളവർ എത്തിയിരുന്നു. ലക്നൗവിലെ ശ്യാം നഗർ സ്വദേശിയായ വൻഷിക എൽ.ഐ.സിയിലാണ് ജോലി ചെയ്യുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയ്‌ക്കായി താരം യുകെയിലാണ്.
ഇതിനിടെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പ്രതിശ്രുത വധുവിനൊപ്പമുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ നീക്കം ചെയ്തത്. കാരണം എന്താണെന്ന് വ്യക്തമല്ല. ഇത് ആരാധകരിലും ആശങ്കയും സംശയവും സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യക്കായി ഇതുവരെ 13 ടെസ്റ്റും 113 ഏകദിനവും 40 ടി20യും താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഓക്ടോബറിൽ ന്യൂസിലൻഡിനെതിരെയാണ് താരം അവസാനമായി വെള്ളക്കുപ്പായം അണിഞ്ഞത്.















