ന്യൂഡൽഹി: ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സോണിയാഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയ്ക്ക് നോട്ടീസയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജൂൺ പത്തിന് സമൻസ് അയച്ചിരുന്നെങ്കിലും മറ്റൊരു തീയതി തേടിയതിനെ തുടർന്നാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.
റോബർട്ട് വാദ്രയുടെ ലണ്ടനിലെ ഭൂമിയിടപാടുകളും സ്വത്തുക്കളും ഇഡിയുടെ നിരീക്ഷണത്തിലാണ്. അന്വേഷണ ഏജൻസിയുടെ പുതിയ നടപടിയിൽ വാദ്ര മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായിട്ടില്ല.
നിലവിൽ ഒളിവിൽ കഴിയുന്ന സഞ്ജയ് ഭണ്ഡാരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ, വിദേശനാണ്യ നിയമ ലംഘനം, കള്ളപ്പണ നിയമ ലംഘനം തുടങ്ങി ഒന്നിലധികം വകുപ്പുകളിലായി എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ്, സിബിഐ, ഡൽഹി പൊലീസ്, ആദായ നികുതി വകുപ്പ് എന്നിവരുടെ അന്വേഷണം നടക്കുകയാണ്.















