ടെഹ്‌റാൻ: ഇസ്രായേൽ-ഇറാൻ യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഇറാനിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചു. സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 100 ഇന്ത്യൻ പൗരന്മാരുടെ ആദ്യ ബാച്ച് ഇന്ന് രാത്രി അർമേനിയയിലേക്ക് കടക്കും.
പ്രധാന നഗരങ്ങളിൽ ഇസ്രായേൽ ബോംബാക്രമണം തുടരുന്നതിനിടെ, ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 10,000 ഓളം വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിന് സുരക്ഷിതമായ വഴി ഒരുക്കണമെന്ന ന്യൂഡൽഹിയുടെ അഭ്യർത്ഥനയ്‌ക്ക് ടെഹ്‌റാൻ അനുകൂലമായ മറുപടി നൽകിയതിനെ തുടർന്നാണിത്. ഇന്ത്യയുടെ അഭ്യർത്ഥനയ്‌ക്ക് മറുപടിയായി, വ്യോമാതിർത്തി അടച്ചതിനാൽ, വിദ്യാർത്ഥികൾക്ക് അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കടക്കാൻ കര അതിർത്തികൾ ഉപയോഗിക്കാമെന്ന് ഇറാൻ വ്യക്തമാക്കി.
ജൂൺ 15 ന് ഇറാനിലെ ഇന്ത്യൻ എംബസി പൗരന്മാർക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. എല്ലാ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും എംബസിയുമായി സമ്പർക്കം പുലർത്താനും അനാവശ്യമായ സഞ്ചാരം ഒഴിവാക്കാനും അപ്‌ഡേറ്റുകൾക്കായി എംബസിയുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരാനും ആവശ്യപ്പെട്ടു. നിലവിലെ സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും ഇറാനിലെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.















