ജയ്‌പൂർ: ബി.ആർ. അംബേദ്കറെ അപമാനിച്ച ആർ.ജെ.ഡി മേധാവി ലാലു പ്രസാദ് യാദവിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ. പാർട്ടിയുടെ പ്രത്യയശാസ്ത്രങ്ങൾക്ക് വിരുദ്ധമായാണ് ആർജെഡി നേതാവ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലാലു പ്രസാദ് യാദവ് ഒരു വശത്ത് സാമൂഹിക നീതിക്കുവേണ്ടി വാദിക്കുന്നു എന്ന് അവകാശപ്പെടുമ്പോൾ മറുവശത്ത് ബി.ആർ. അംബേദ്കറെ അപമാനിക്കുകയാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.
“ബാബാസാഹേബ് ഭീംറാവു അംബേദ്കറുടെ ചിത്രം കൊണ്ടുവന്ന തൊഴിലാളി അത് ലാലു യാദവിന് നൽകാൻ ആഗ്രഹിച്ചു. പക്ഷേ ആർജെഡി നേതാവിന്റെ അഹങ്കാരം അദ്ദേഹത്തിന്റെ ശരീരഭാഷയിലും അദ്ദേഹം ഇരിക്കുന്ന രീതിയിലും പ്രതിഫലിച്ചു. ഇത്രയും വലിയൊരു വിഷയമുണ്ടായിട്ടും ലാലു പ്രസാദ് യാദവ് ക്ഷമ ചോദിച്ചില്ല. ബാബാസാഹേബിനെ അപമാനിക്കുന്നത് രാജ്യത്തെ ജനങ്ങൾ സഹിക്കില്ല. ഒരു വശത്ത്, നിങ്ങൾ ദളിതരുടെയും പിന്നോക്ക സമൂഹത്തിന്റെയും നേതാവാണെന്നും സാമൂഹിക നീതിക്കുവേണ്ടി വാദിക്കുന്നുവെന്നും പറയുന്നു… മറുവശത്ത്, നിങ്ങൾ ബാബാസാഹേബിനെ അപമാനിക്കുന്നു, നിങ്ങൾ വളരെ അഹങ്കാരിയാണ്, ക്ഷമാപണം പോലും നടത്തുന്നില്ല,” കേന്ദ്രമന്ത്രി പറഞ്ഞു
ബി.ആർ. അംബേദ്കറുടെ ജന്മദിനാഘോഷ വേളയിൽ ലാലു പ്രസാദ് യാദവ് അംബേദ്കറുടെ ചിത്രം തന്റെ കാൽക്കീഴിൽ വച്ചിരിക്കുന്ന ചിത്രങ്ങൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും ദളിതരെ അപമാനിച്ച ആർജെഡി നേതാവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഇത്രയും അഹങ്കാരിയായ ഒരു നേതാവിനെ ഇന്നുവരെ ആരും കണ്ടിട്ടില്ലെന്നും അംബേദ്കറോട് കാണിച്ച അനാദരവിന് യാദവും അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകരും ക്ഷമാപണം നടത്തണമെന്നും ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും ആവശ്യപ്പെട്ടു.















