ടെഹ്‌റാൻ: ടെഹ്‌റാനിലെ ഇറാൻ സർക്കാർ നിയന്ത്രിത റേഡിയോ, ടെലിവിഷൻ കേന്ദ്രത്തിനു നേരെ ഇസ്രായേലിന്റെ ആക്രമണം. ഇതിനെ തുടർന്ന് ഇറാൻ സ്‌റ്റേറ്റ് ടിവിയുടെ പ്രവർത്തനം തടസ്സപ്പെട്ടു. ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനത്താണ് ഇസ്രായേലിന്റെ ബോംബാക്രമണം ഉണ്ടായത്. അവരുടെ തത്സമയ സംപ്രേഷണം നടക്കുന്നതിനിടെയാണ് ആക്രമണം.
വളരെ ആവേശത്തോടെ ഒരു അവതാരക ഇസ്രായേലിനെതിരെ പറഞ്ഞു കൊണ്ടിരിക്കുനനത്തിനിടെയിലാണ് ബോംബ് വീണ് ആ കെട്ടിടം തന്നെ തകരുന്നത്. ആക്രമണത്തെ തുടര്‍ന്ന് സ്റ്റേറ്റ് ടി ഓഫീസ് ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നതും അവതാരക പരിഭ്രാന്തയായി രക്ഷപെടാനുള്ള തത്രപ്പാടിൽ കസേരയില്‍നിന്ന് എഴുനേറ്റ് പുറത്തേക്കോടുന്നതും ദൃശ്യത്തില്‍ കാണാം. ഇവിടെ ആക്രമണം നടന്നതായി ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. ഇറാന്റെ സർക്കാർ നിയന്ത്രിത വാർത്താ ഏജൻസിയായ ഇർനയിൽ(IRNA) ഇത് സംബന്ധിച്ച സ്ഥിരീകരണം വന്നിട്ടുണ്ട്.
IRIB എന്നറിയപ്പെടുന്ന ഇറാന്റെ ദേശീയ ടെലിവിഷന്റെ ആസ്ഥാനം, 2025 ജൂൺ 16 ന് ഇസ്രായേലി ആക്രമണത്തിന് ശേഷം കത്തിയമരുന്നു എന്ന തലക്കെട്ടിൽ ഒരു ചിത്രവും ഇർന പുറത്തു വിട്ടു. ആക്രമണത്തെ തുടര്‍ന്ന് ഐആര്‍ഐബി ന്യൂസ് നെറ്റ്‌വര്‍ക്കില്‍ തത്സമയ പരിപാടികള്‍ നിര്‍ത്തിവച്ചു. എന്നാൽ പ്രക്ഷേപണം കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം സാധാരണ നിലയിലായി എന്ന് IRNA അവകാശപ്പെടുന്നു.
എത്ര പേർക്ക് പരിക്കേറ്റു എന്നോ കൊല്ലപ്പെട്ടു എന്നോ വ്യക്തമല്ല.മരണം സംബന്ധിച്ച കണക്കുകൾ ഒന്നും IRNA പുറത്തു വിട്ടിട്ടില്ല. ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായീൽ ബഖായ് തന്റെ എക്സ് അക്കൗണ്ടിലെ ഒരു പോസ്റ്റിൽ ദേശീയ ടെലിവിഷനിലെ ഇസ്രായേൽ ആക്രമണം ഒരു യുദ്ധക്കുറ്റമാണെന്ന് പറഞ്ഞിട്ടുണ്ട്.















