വാഷിംഗ്‌ടൺ: ഇസ്രായേലും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇറാന് ശക്തമായ താക്കീത് നൽകി അമേരിക്ക. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഒളിച്ചിരിക്കുന്ന കൃത്യമായ സ്ഥാനം അമേരിക്കയ്‌ക്ക് അറിയാമെന്നും ഇറാൻ നിരുപാധികം കീഴടങ്ങുന്നതാണ് നല്ലതെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചു. ഖമേനിയെ ഇപ്പോൾ യുഎസ് വധിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും തങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പും യുഎസ് പ്രസിഡന്റ് നൽകി.
“‘സുപ്രീം ലീഡർ’ എന്ന് വിളിക്കപ്പെടുന്നയാൾ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. അദ്ദേഹത്തെ കണ്ടെത്താൻ എളുപ്പമാണ്. തൽക്കാലം അയാൾ അവിടെ സുരക്ഷിതനാണ്. കാരണം ഇപ്പോൾ ഞങ്ങൾ അയാളെ വധിക്കാൻ ഉദ്ദേശിക്കുന്നില്ല,”ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. തങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും സാധാരണക്കാർക്കോ അമേരിക്കൻ സൈനികർക്കോ നേരെ ഇറാൻ മിസൈൽ തൊടുക്കാൻ മുതിർന്നാൽ തിരിച്ചടി ഭീകരമായിരിക്കുമെന്നും ട്രംപ് താക്കീത് ചെയ്തു.
ഇസ്രായേൽ-ഇറാൻ സംഘർഷം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. സ്ഥിതി കൂടുതൽ വഷളാകുമെന്ന് കണ്ട് ഖമേനിയെ വധിക്കാനുള്ള ഇസ്രായേലിന്റെ നിർദ്ദേശം ട്രംപ് വീറ്റോ ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പുതിയ പോസ്റ്റ് വന്നത്. ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ ആക്രമണത്തിൽ ഇതിനകം 200 ലധികം പേർ കൊല്ലപ്പെട്ടു. ഇരുവിഭാഗങ്ങളും തമ്മിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടന്നു. ചൊവ്വാഴ്ച രാത്രിയും ആക്രമണം തുടർന്നു, ഇറാൻ ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.















