കണ്ണൂർ: നഗരത്ത ഭീതിയുടെ മുൾമുനയിൽ നിർത്തി തെരുവ് നായ ആക്രമണം. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ നഗരത്തിൽ ജനങ്ങളെ അക്രമിച്ച് തുടങ്ങിയ നായ ഉച്ചക്ക് ശേഷവും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓടി നടന്ന് കടിക്കുകയായിരുന്നു. കടിയേറ്റ 56പേർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. കണ്ണൂർ പുതിയ ബസ് സ്റ്റാൻഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവ് നായ ജനങ്ങളെ കടിച്ചത്. ഇങ്ങിനെ നഗരത്തെ പരിഭ്രാന്തിയിലാക്കിയ നായ ഒടുവിൽ ചത്തു എന്നായിരുന്നു കോർപറേഷൻ അറിയിച്ചത് .
എന്നാൽ ഇന്ന് രാവിലെ കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം ഉണ്ടായി . 11 പേർക്ക് കൂടി തെരുവ് നായയുടെ കടിയേറ്റു.
ഇന്നലെ നഗരത്തിൽ 56 പേരെ ആക്രമിച്ച തെരുവുനായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി എന്ന കോർപറേഷൻ വാദം ചോദ്യം ചെയ്യുന്ന സംഭവവികാസമാണിത്.
ഇന്നലെ ഭൂരിഭാഗം പേർക്കും കാലിനാണ് കടിയേറ്റത്. നടക്കുന്നവരെ നായ പിന്തുടർന്ന് കടിക്കുകയായിരുന്നു. പലരും കൈയ്യിലുള്ള കുടകൊണ്ടും മറ്റും പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബാങ്കിൽ നിന്ന് ഇറങ്ങിയ ഉടനെയും ബസിറങ്ങിയ ഉടനെയും നഗരത്തിലൂടെ നടക്കുന്നതിനിടെയും നിരവധി പേർക്ക് കടിയേറ്റു. പലർക്കും ആഴത്തിലുള്ള മുറിവേറ്റു. കടിയേറ്റവരിൽ പ്രായമായവരും കുട്ടികളുമുണ്ട്.
ഇവർക്കുള്ള വാക്സിൻ ഉൾപ്പെടെയുള്ള ചികിത്സ ജില്ലാ ആശുപത്രിയിൽ നിന്നാണ് നൽകിയത് . വാക്സിനോട് അലർജി കാണിച്ച രണ്ട് പേരെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് നിർദ്ദേശിച്ചതായും അധികൃതർ അറിയിച്ചു
നായ മറ്റ് മൃഗങ്ങളെ ആക്രമിച്ചിട്ടുണ്ടോയെന്നും സംശയമുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.
അതെ സമയം തെരുവു നായ അകാരമിച്ച വിഷയത്തിൽ കോർപ്പറേഷനും ജില്ല പഞ്ചായത്തും പരസ്പരം പഴി ചാരി വാദമുഖങ്ങൾ നിരത്തി രംഗത്തെത്തി.















