ന്യൂഡൽഹി: ദീർഘദൂര ആക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിനായി യുദ്ധവിമാനങ്ങൾക്കൊപ്പം തദ്ദേശീയമായി നിർമ്മിച്ച സ്മാർട്ട് ആന്റി എയർഫീൽഡ് ആയുധങ്ങൾ (SAAW) വാങ്ങാൻ ഇന്ത്യൻ വ്യോമസേന. ഭാവിയിലെ ആവശ്യങ്ങൾ മുന്നിൽക്കണ്ടാണ് വ്യോമസേന 100 കിലോമീറ്ററിലധികം അകലെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള SAAW മിസൈലുകൾ വാങ്ങാനൊരുങ്ങുന്നത്.
മിസൈലുകൾ വാങ്ങാനുള്ള നിർദ്ദേശം ഉടൻ തന്നെ പ്രതിരോധ മന്ത്രാലയത്തിൽ ചർച്ചയ്‌ക്ക് എടുക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത SAAW, റഡാറുകൾ, ബങ്കറുകൾ, ടാക്സിവേകൾ, റൺവേകൾ തുടങ്ങിയ ശത്രു ഭൂമിയിലെ ആയുധങ്ങളെ തകർക്കാൻ കഴിവുള്ള 120 കിലോഗ്രാം ക്ലാസ് പ്രിസിഷൻ-ഗൈഡഡ് ബോംബാണ്.
ഹൈദരാബാദിലെ ഡിആർഡിഒയുടെ റിസർച്ച് സെന്റർ ഇമാറാത്ത് (ആർസിഐ) ആണ് ഈ ആയുധ സംവിധാനം വികസിപ്പിച്ചെടുത്തത്. ഭാരകുറവും ഉയർന്ന കൃത്യതയും ഇതിനെ ശക്തമായ ഒരു സ്റ്റാൻഡ്ഓഫ് സ്ട്രൈക്ക് സിസ്റ്റമാക്കി മാറ്റുന്നു. ഇത് വിക്ഷേപണ വിമാനങ്ങളെ ശത്രു വ്യോമ പ്രതിരോധ പരിധിയിൽ നിന്ന് പുറത്തു നിർത്താൻ സഹായിക്കും.
ഇന്ത്യൻ വ്യോമസേനയുടെ Su-30 MKI, ജാഗ്വാർ വിമാനങ്ങൾ ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങളിൽ മിസൈലുകൾ സംയോജിപ്പിക്കാനാണ് പദ്ധതി. പാകിസ്ഥാനുമായും ചൈനയുമായും അടുത്തിടെ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ സായുധ സേനകൾ ദീർഘദൂര ആക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാൻ സൈന്യത്തിനും ഭീകര താവളങ്ങൾക്കുമെതിരെ സ്റ്റാൻഡ്‌ഓഫ് ആയുധങ്ങൾ ഇത്തരത്തിൽ വിജയകരമയി പരീക്ഷിച്ചിരുന്നു.















