സ്മാർട്ട് ഫോണുകളിൽ നിന്നും വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാൻ പൗരൻമാരോട് ആവശ്യപ്പെട്ട് ഇറാൻ ഭരണകൂടം. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന് നൽകാനായി മെറ്റ ഉപഭോക്താക്കളുടെ വിവരം ചോർത്തുന്നു എന്നാണ് ഇറാന്റെ അവകാശവാദം. ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വിവരങ്ങൾ മെറ്റ കൈമാറുന്നുണ്ടെന്നാണ് ഇറാന്റെ സംശയം.
ഇറാനിൽ സോഷ്യൽ മീഡിയയ്‌ക്ക് നിയന്ത്രണമുണ്ട്. 2022 ൽ വാട്ട്‌സ്ആപ്പും ഗൂഗിൾ പ്ലേയും ഇറാൻ നിരോധിച്ചിരുന്നു. സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയുടെ മരണത്തിൽ സർക്കാരിനെതിരായി നടന്ന ബഹുജന പ്രതിഷേധത്തിനിടെയായിരുന്നു നിരോധനം. പ്രോക്സികളും വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകളും വഴിയാണ് പലരും സോഷ്യൽ മീഡിയ ഉപയോഗിച്ചിരുന്നത്.
പിന്നീട് 2024 ലാണ് ഇറാൻ വാട്ട്‌സ്ആപ്പിനുള്ള വിലക്ക് നീക്കിയത്. ഇറാനിലെ ഏറ്റവും ജനപ്രിയമായ മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ്.















