ബെംഗളൂരു: മദ്യ അഴിമതി കേസിൽ മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹായിയും വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും പിടിയിൽ. ജഗൻ മോഹൻ റെഡ്ഡിയുടെ സഹായിയായ വെങ്കിടേഷ് നായിഡു, പാർട്ടി ജനറൽ സെക്രട്ടഖി ചെവിറെഡ്ഡി ഭാസ്കർ റെഡ്ഡി എന്നിവരാണ് പിടിയിലായത്. ബെംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് ഇവരെ പിടികൂടിയത്.
കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ അന്വേഷണസംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടുന്നതിനായി എസ്ടിഎഫ് കഴിഞ്ഞ ദിവസം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വിദേശത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ അന്വേഷണസംഘം പിടികൂടിയത്. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം വിമാനത്താവളത്തിൽ എത്തിയത്.
ഇരുവരെയും വിജയവാഡയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കേസിൽ ഇതുവരെ 39 പേരാണ് അറസ്റ്റിലായത്. എന്നാൽ കേസിൽ തനിക്ക് യാതാെരു പങ്കുമില്ലെന്നാണ് ഭാസ്കർ റെഡ്ഡിയുടെ വാദം.















