ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനും സഹോദരൻ ഡി കെ സുരേഷിനും ഇഡി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. 19-ന് ഹാജരാകണമെന്നാണ് നിർദേശം.
ഡികെ ശിവകുമാറിന്റെയും സുരേഷിന്റെയും സഹോദരിയെന്ന വ്യാജേന ജ്വല്ലറിയിൽ നിന്നും ഒരു യുവതി സ്വർണാഭരണങ്ങളും 10 കോടി രൂപയും തട്ടിയെടുത്ത സംഭവത്തിലാണ് കേസെടുത്തത്. സംഭവത്തിൽ ഐശ്വര്യ ഗൗഡ എന്ന യുവതിയെ കഴിഞ്ഞ ഏപ്രിലിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
യുവതിയുമായി സാമ്പത്തിക ഇടപാട് നടത്തിയ സംഭവത്തിൽ കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഉന്നതരാഷ്‌ട്രീയക്കാരുമായി തനിക്ക് ബന്ധമുണ്ടെന്ന് യുവതി അവകാശപ്പെട്ടിരുന്നു. ഇവർക്കെതിരെ ചന്ദ്ര ലേഔട്ട്, രാജരാജേശ്വരി നഗർ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ ഭർത്താവും കേസിൽ പ്രതിയാണ്.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നിരവധി ഡിജിറ്റൽ രേഖകളും ഉപകരണങ്ങളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.















