ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിൽ നിന്ന് ഒഴിപ്പിച്ച 110 ഇന്ത്യൻ വിദ്യാർത്ഥികളുമായി പ്രത്യേക വിമാനം ഡൽഹിയിൽ ഇറങ്ങി. വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. ജമ്മു കശ്മീരിൽ നിന്നുള്ള 90 വിദ്യാർത്ഥികളും വിമാനത്തിലുണ്ടായിരുന്നു.
സർക്കാർ ഏകോപിപ്പിച്ച രക്ഷാ ദൗത്യത്തിന്റെ ഭാഗമായി ഇറാനിൽ നിന്നും വിദ്യാർത്ഥികളെനേരത്തെ അർമേനിയയിലേക്ക് മാറ്റിയിരുന്നു. തിരിച്ച് നാട്ടിലെത്താനായതിൽ വിദ്യാർത്ഥികളും കുടുംബാംഗങ്ങളും ഇന്ത്യൻ സർക്കാരിന് നന്ദി അറിയിച്ചു. ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുടെ ശ്രമങ്ങളെയും അവർ പ്രശംസിച്ചു.
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുമ്പോൾ, ഇന്ത്യ തങ്ങളുടെ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ജൂൺ 15 ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാരോടും ഇന്ത്യൻ വംശജരോടും അനാവശ്യമായ സഞ്ചാരം ഒഴിവാക്കാനും ഔദ്യോഗിക ചാനലുകൾ വഴി അപ്‌ഡേറ്റുകൾക്കായി നിരന്തരം ബന്ധപ്പെടാനും അഭ്യർത്ഥിച്ചിരുന്നു.
ഇന്ത്യയുടെ അഭ്യർത്ഥനയ്‌ക്ക് മറുപടിയായി, വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ, ഇറാൻ തങ്ങളുടെ കര അതിർത്തികളിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പുനൽകി. അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ അയൽ രാജ്യങ്ങളിലൂടെ വിദ്യാർത്ഥികൾ പുറത്തുകടക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഇറാനിൽ 4,000-ത്തിലധികം ഇന്ത്യക്കാർ താമസിക്കുന്നുണ്ട്, അവരിൽ പകുതിയോളം പേരും ഉന്നത വിദ്യാഭ്യാസത്തിനായി എത്തിയവരാണ്. പ്രധാനമായും മെഡിക്കൽ പഠനത്തിനും മറ്റ് പ്രൊഫഷണൽ മേഖലകളിലും ഉള്ളവർ. ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരുടെ സുരക്ഷിതമായ പുറത്തുകടക്കൽ സാധ്യമാക്കുന്നതിന് ഇന്ത്യൻ സർക്കാർ ഇറാനിയൻ അധികാരികളുമായി ഏകോപനം തുടരുന്നുണ്ട്.















