ന്യൂഡൽഹി: മേഘാലയയിൽ ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സോനം രഘുവംശിയുടെ ഫോൺ രേഖകൾ പൊലീസിന് ലഭിച്ചു. വിവാഹത്തിന് മുമ്പുള്ള ആഴ്ചകളിൽ സഞ്ജയ് വർമ്മ എന്ന വ്യക്തിയുമായി സോനം 200-ലധികം ഫോൺ കോളുകൾ ചെയ്തതായി പൊലീസ് കണ്ടെത്തി. എന്നാൽ
സഞ്ജയ് വർമ്മ എന്ന പേര് കാമുകൻ രാജ് കുശ്വാഹ ഉപയോഗിച്ചിരുന്ന വ്യാജ ഐഡന്റിറ്റിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
ഇൻഡോർ പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, മാർച്ച് 1 നും മാർച്ച് 25 നും ഇടയിൽ സഞ്ജയ് വർമ്മ എന്ന പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പറിലേക്ക് സോനം 112 തവണ വിളിച്ചിട്ടുണ്ട്. മറുവശത്തുള്ള വ്യക്തിയുമായി സോനം ദീർഘനേരം സംഭാഷണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
കേസിൽ സഞ്ജയ് വർമ്മ എന്നയാളുടെ പേര് ഉയർന്നുവന്നതിനെത്തുടർന്നാണ് പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. സോനത്തിന്റെ ഭർത്താവ് രാജ രഘുവംശിയുടെ കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരനായ രാജ് കുശ്വാഹയാണ് സഞ്ജയ്‌യുടെ പേരിലുള്ള ഫോൺ ഉപയോഗിച്ചതെന്ന് കണ്ടെത്തി.
മെയ് 11 ന് ഇൻഡോറിൽ വച്ചായിരുന്നു സോനത്തിൻേറയും രാജ രഘുവംശിയുടെയും വിവാഹം. മെയ് 20 ന് മേഘാലയയിലേക്ക് ഹണിമൂൺ പോയതിന് പിന്നാലെയായിരുന്നു രാജയുടെ കൊലപാതകം. സോനവും കാമുകൻ രാജ് കുശ്വാഹയും സുഹൃത്തുക്കളും ചേർന്ന് രാജയെ വെട്ടിക്കൊലപ്പെടുത്തി കൊക്കയിൽ ഉപേക്ഷിക്കുകയായിരുന്നു. ഒരു ആഴ്ചയ്‌ക്ക് ശേഷം, കാണാതായ സോനത്തെ ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.















