തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ രാജ്ഭവന്റെ വാർത്താക്കുറിപ്പ്. ഗവർണറെ മന്ത്രി അപമാനിച്ചെന്നും പ്രോട്ടോക്കോൾ ലംഘിച്ചെന്നും രാജ്ഭവൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയത് പ്രോട്ടോകോളിന്റെ ലംഘനമാണ്. ഗവർണറെയും അദ്ദേഹത്തിന്റെ ഓഫീസിനെയും കടുത്ത രീതിയിൽ അപമാനാനിക്കുന്ന തരത്തിലാണ് മന്ത്രിയുടെ പെരുമാറ്റം.ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്ത് അധികാരമേറ്റ മന്ത്രിയുടെ ഭാഗത്ത് നിന്നാണ് മോശം പെരുമാറ്റമുണ്ടായത്. ഗവർണറെ അറിയിക്കാതെയാണ് പരിപാടിയുടെ ഇടയിൽ ഇറങ്ങിപോയത്. പ്രോട്ടോക്കോൾ പ്രകാരംഗവർണർ പോയതിന് ശേഷം മാത്രമേ വേദിയിലോ സദസിലോ ഉള്ളവർ പോകാൻ പാടുള്ളൂ. വിദ്യാഭ്യാസ മന്ത്രിയുടേത് തെറ്റായ കീഴ്വഴക്കമാണ്.
എഴുതി തയ്യാറാക്കിയ പ്രസംഗവുമായാണ് മന്ത്രി എത്തിയത്. അതിനാൽ മന്ത്രിയുടെ പെരുമാറ്റം തീരുമാനിച്ച് ഉറപ്പിച്ചതാണ്. ഭാരതാംബയെ അറിയില്ലെന്ന് പറഞ്ഞത് സ്കൗട്ട് ആന്റ് ഗൈഡ്സ് കുട്ടികളുടെ മുമ്പാകെയാണ്. ഇത് തെറ്റായ മാതൃകയാണ് സൃഷ്ടിച്ചത്. ഇന്നത്തെ സംഭവ വികാസങ്ങളെ വളരെ ആശങ്കയോടെയും ഗൗരവത്തോടെയുമാണ് കാണുന്നെന്നും രാജ്ഭവൻ വ്യക്തമാക്കി.
ഇന്ന് രാവിലെ രാജ്ഭവനിൽ നടന്ന പരിപാടിക്കിടെ വി. ശിവൻകുട്ടി ഇറങ്ങിപ്പോയിരുന്നു. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയതും ഗവർണർ രാജേന്ദ്ര അർലേക്കർ പുഷ്പാർച്ചന നടത്തിയതുമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. നിലമ്പൂരിൽ പോളിംഗ് പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ തീവ്രനിലപാടുകാരുടെ വോട്ടു ഉറപ്പാക്കാനാണ് മന്ത്രിയുടെ നീക്കമെന്നാണ് സൂചന.















