തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ അതൃപ്തിയുണ്ടെന്ന് സമ്മതിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. നിലമ്പൂർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്നും പാർട്ടിയിലെ ചിലരുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും ശശി തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കഴിഞ്ഞ വർഷം വയനാട് ഉപതെരഞ്ഞെടുപ്പ് പോലെ ഇത്തവണയും എന്നെ ആരും ക്ഷണിച്ചിട്ടില്ല. ക്ഷണിക്കാത്തിടത്ത് ഞാൻ പോകാറില്ല. ഞാൻ കേരളത്തിന് പുറത്തായിരുന്നു. തിരിച്ച് കേരളത്തിൽ എത്തിയപ്പോഴും മറ്റ് സന്ദേശങ്ങളൊന്നും ലഭിച്ചില്ലെന്നും” ശശി തരൂർ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് കേന്ദ്രം അയച്ച പ്രതിനിധി സംഘം നടത്തിയ സന്ദർശനങ്ങളെ കുറിച്ചും അവിടെ നടന്ന ചർച്ചകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയുടെ വിദേശനയത്തിലും ദേശീയ താത്പര്യത്തിലുമാണ് താൻ ശ്രദ്ധ കേന്ദ്രീകരിച്ചത്.
എന്റെ നിലപാട് മാറ്റിയിട്ടില്ല. രാജ്യവുമായി ബന്ധപ്പെട്ട ഒരു പ്രശ്നം വരുമ്പോൾ, നാമെല്ലാവരും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനും സംസാരിക്കാനും ബാധ്യസ്ഥരാണ്. ഓപ്പറേഷൻ സിന്ദൂരിനിടെ പറഞ്ഞത് തന്റെ സ്വന്തം അഭിപ്രായമായിരുന്നുവെന്നും ശശി തരൂർ പറഞ്ഞു.















