ടെല്‍ അവീവ്: ഇറാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലും മുന്നോട്ടു കുതിച്ച് ഇസ്രയേല്‍ ഓഹരി വിപണി. ടെല്‍ അവീവ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ജൂണ്‍ 19 വ്യാഴാഴ്ച ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇസ്രായേലിനെതിരെ ഇറാന്‍ വിക്ഷേപിച്ച മിസൈലുകളിലൊന്ന് വീണ് സ്റ്റോക്ക് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതും വിപണിയെ തെല്ലും ഉലച്ചില്ല.
ശക്തമായ ഭൗമ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും പ്രതിരോധ ശേഷി പ്രകടമാക്കുകയാണ് ഇസ്രായേലിന്റെ ഓഹരി വിപണി. അനിശ്ചിതത്വത്തിനിടയിലും നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങുന്നത് തുടര്‍ന്നു. ടെല്‍ അവീവ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഓള്‍ ഷെയര്‍ സൂചിക 0.5% ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 2,574.89 ലെത്തി. ടിഎ35, ടിഎ125 എന്നിവ പോലുള്ള മറ്റ് സൂചികകളും 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 2,810.85, 2,850.08 എന്നീ നിലവാരത്തില്‍ വ്യാപാരം നടത്തി.
ജൂണ്‍ 13 ന് ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേലി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ മുന്‍നിര സൂചികയായ ടിഎ 125 തുടര്‍ച്ചയായി മുന്നേറുകയാണ്. ജൂണില്‍ ഇതുവരെ സൂചിക ഏകദേശം 5% ഉയര്‍ന്നു. മെയ് മാസത്തില്‍ 6.55% ഉയര്‍ച്ചയും ഏപ്രിലില്‍ 4.53% ഉയര്‍ച്ചയുമാണ് സൂചികയില്‍ ഉണ്ടായത്.
ആഗോള വിപണിയില്‍ ചാഞ്ചാട്ടം
അതേസമയം ഏഴാം ദിവസത്തിലേക്ക് കടന്ന ഇറാന്‍-ഇസ്രായേല്‍ യുദ്ധം വ്യാഴാഴ്ചയും ആഗോള ഓഹരി വിപണികളെ ബാധിച്ചു. യൂറോപ്പില്‍ ഓഹരികള്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ഇടിഞ്ഞു. യുഎസ് എസ് & പി 500 ഫ്യൂച്ചേഴ്‌സ് 0.6% ഇടിഞ്ഞു. ഏഷ്യന്‍ വിപണികളില്‍ തായ്‌വാന്റെ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് 1.5% ഇടിഞ്ഞു, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് 2% ഇടിഞ്ഞു.
ഇന്ത്യയില്‍ ജാഗ്രത
ചാഞ്ചാട്ടം പ്രകടമാണെങ്കിലും ഇന്ത്യന്‍ ഓഹരി വിപണികള്‍ കൂടുതലായി സ്ഥിരത പുലര്‍ത്തുന്നതാണ് ദൃശ്യമാകുന്നത്. സെന്‍സെക്‌സ് 82.79 പോയന്റ് താഴ്ന്ന് 24793.25 ലും നിഫ്റ്റി50 18.80 പോയന്റ് താഴ്ന്ന് 24793.25 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.















