കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് എസ്.ഡി.പി.ഐക്കാർ അറസ്റ്റിലായി. സംഭവത്തിൽ പറമ്പായി സ്വദേശികളായ വി.സി. മുബഷീർ (28), കെ.എ. ഫൈസൽ (34), വി.കെ. റഫ്നാസ് (24) എന്നിവരാണ് പിടിയിലായത്. റസീന മൻസിലിൽ റസീനയെ (40) ആണ് ചൊവ്വാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യാക്കുറിപ്പിൽ നിന്നും കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കായലോട് അച്ചങ്കര പള്ളിക്കു സമീപം റസീന മയ്യിൽ സ്വദേശിയായ ആൺ സുഹൃത്തിനോട് സംസാരിച്ചുനിൽക്കുകയായിരുന്നു. ഇതുകണ്ട പ്രതികൾ ഇവരെ ചോദ്യം ചെയ്തു. യുവതിയെ ഭീഷണിപ്പെടുത്തി വീട്ടിലേക്ക് പറഞ്ഞയച്ചശേഷം സുഹൃത്തിനെ കൈയ്യേറ്റം ചെയ്തു.
സമീപത്തുള്ള മൈതാനത്ത് തടഞ്ഞുവച്ച് യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം ഇയാളുടെ മൊബൈൽ ഫോണും ടാബും തട്ടിപ്പറിച്ചു. തുടർന്ന് രാത്രി 8.30 ഓടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ച് റസീനയുടേയും യുവാവിന്‍റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ശേഷം ഇവിടെയും വിചാരണ തുടർന്നു. രാത്രി ഏറെ വൈകിയാണ് ഇരുവരെയും ബന്ധുക്കൾക്കൊപ്പം പോകാൻ അനുവദിച്ചത്.
.എന്നാൽ യുവാവിന്‍റെ കൈയിൽനിന്ന് മോഷ്ടിച്ച ടാബും മൊബൈൽഫോണും മടക്കി നൽകിയില്ല.
ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത യുവതി ജീവനൊടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളിൽനിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽ ഫോണും പൊലീസ് കണ്ടെത്തി. കൂട്ടുപ്രതികൾ പിടിയിലാവാനുണ്ടെന്നും അന്വേഷണം ഊർജിതമാണെന്നും പിണറായി പൊലീസ് വ്യക്തമാക്കി. റസീനയുടെ പിതാവ് എ മുഹമ്മദ്, മാതാവ് സികെ ഫാത്തിമ എന്നിവർ സിപിഎം ബ്രാഞ്ച് അംഗങ്ങളാണ്.















