കൊൽക്കത്ത: കനത്ത മഴയിൽ മേൽക്കൂര ചോർന്നൊലിച്ച് ബംഗാളിലെ പ്രൈമറി സ്കൂളുകൾ. ക്ലാസ്‌റൂമുകളിൽ കുടയും പിടിച്ചിരുന്ന് ക്ലാസെടുക്കുന്ന അധ്യാപകരുടെയും പഠനം നടത്തുന്ന കുട്ടികളുടെയും ചിത്രങ്ങൾ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ഹൂഗ്ലിയിലെ പ്രൈമറി സ്കൂളിലാണ് 5 മുതൽ 10 വയസുവരെയുള്ള 68 ഓളം കുട്ടികൾക്ക് പഠിക്കാൻ കുടപിടിച്ച് ക്ലാസിലിരിക്കേണ്ടി വന്നത്.
1972-ൽ സ്ഥാപിതമായ ഈ സ്കൂളിലെ നാല് ക്ലാസ് മുറികളിൽ പകുതിയിലധികവും കഴിഞ്ഞ രണ്ട് വർഷത്തിനിടെ തകർന്നു. മൂന്ന് മുറികളിൽ മാത്രമാണ് ക്ലാസുകൾ നടക്കുന്നത്. അവയും മോശം അവസ്ഥയിലാണ്. ക്ലാസ്‌റൂമിന്റെ നവീകരണപ്രവർത്തനങ്ങൾ യഥാസമയത്ത് നടത്താതെ അധികാരികൾ കണ്ണടയ്‌ക്കുകയാണ്.
നിലവിൽ സാഹചര്യം വിദ്യാർത്ഥികളുടെ ജീവനുതന്നെ ഭീഷണിയാണെന്ന് പ്രധാന അധ്യാപകൻ ജയന്ത ഗുപ്ത പറയുന്നു. തന്റെ അഭ്യർഥന മാനിച്ച് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ (ബിഡിഒ) ഒരു സർവേ നടത്തിയെങ്കിലും തുടർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെനാണ് പ്രിൻസിപ്പലിന്റെ ആരോപണം.
ചോർന്നൊലിക്കുന്ന മേൽക്കൂരയും ക്ലാസ് മുറികളും അടിയന്തരമായി നന്നാക്കണമെന്ന് ചൂണ്ടിക്കാട്ടി ജയന്ത ഗുപ്ത സ്കൂൾ അധികൃതരോടും നഗരസഭയോടും നിരവധി തവണ അപേക്ഷിച്ചിട്ടുണ്ട്. നിരവധി പരാതികൾ ബിഡിഒയ്‌ക്ക് എഴുതിയിട്ടും, ജില്ലാ സ്കൂൾ ഇൻസ്പെക്ടർ (പ്രൈമറി)ക്ക് വാക്കാൽ അറിയിച്ചിട്ടും, അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടില്ല. പാർലമെന്റ് അംഗം രചന ബാനർജിയുമായും ഈ വിഷയം ഉന്നയിച്ചുവെന്ന് അദ്ദേഹം പറയുന്നു.