ചെന്നൈ: ഭീകരവാദ റിക്രൂട്ട്മെന്റ് കേസിൽ അറബിക് കോളേജ് സ്ഥാപകൻ അടക്കം നാലു പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തു. മദ്രാസ് അറബിക് കോളേജിന്റെ സ്ഥാപകനായ ജമീൽ ബാഷ, അഹമ്മദ് അലി, ജവഹർ സാത്തിക്, ഷെയ്ഖ് ദാവൂദ് എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസിന്റെ ഭാഗമായാണ് ഭീകരവാദ റിക്രൂട്ട്മെന്റ് കേസ് എൻഐഎ അന്വേഷിക്കുന്നത്. കേസിൽ എട്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറബി കോളേജിന്റെ മറവിൽ ഭീകരവാദ റിക്രൂട്ട്‌മെന്റായിരുന്നു നടന്നിരുന്നതെന്ന് എൻഐഎ വ്യക്തമാക്കി. സലഫി-ജിഹാദി പ്രത്യേയശാസ്ത്രമാണ് ഇവർ പഠിപ്പിച്ചിരുന്നത്. ക്ലാസ് മുറികളും പൊതുവേദികളും ഇതിനായി ഉപയോഗിച്ചു. ഇന്ത്യയിൽ ഇസ്ലാമിക രാഷ്‌ട്രം സ്ഥാപിക്കുകയായിരുന്ന പ്രതികളുടെ ലക്ഷ്യം. ഖിലാഫത്ത് പ്രത്യയശാസ്ത്രവും ജിഹാദ് രക്തസാക്ഷിത്വവും പ്രതികൾ പ്രോത്സാഹിപ്പിച്ചതായും അക്രമത്തിനും സായുധ പോരാട്ടത്തിനും വേണ്ടി ശ്രമിച്ചതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
4 More Accused Arrested by NIA in TN Radicalisation and Recruitment Case Involving Kovai Arabic College pic.twitter.com/fEkSZFAKQe
— NIA India (@NIA_India) June 18, 2025
2022 ഒക്ടോബറിലാണ് ദക്ഷിണേന്ത്യയെ നടുക്കിയ ചാവേർ കാർ ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടകവസ്തുക്കളും എൽപിജി സിലിണ്ടറുകളും നിറച്ച കാർ ക്ഷേത്രത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. ചാവേറായി പൊട്ടിത്തെറിച്ച ജമേഷ മുബീൻ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ടാണ് ആക്രമണം നടത്തിയതെന്നാണ് എൻഐഎ കണ്ടെത്തിയിരുന്നു. തുടക്കത്തിൽ ഡിഎംകെ സർക്കാർ ഇതിനെ എൽപിജി സിലിണ്ടർ സ്ഫോടനം എന്നാണ് വിശേഷിപ്പിച്ചിരുന്നത്.