കണ്ണൂർ: യുവാവുമായി സംസാരിച്ചത് ചോദ്യം ചെയ്ത് സദാചാര പോലീസിംഗ് നടത്തിയതിൽ മനം നൊന്ത് കണ്ണൂർ പിണറായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം തീവ്രവാദമല്ല അതിനുമപ്പുറമുള്ള അതിഭീകരതയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. ‘തീവ്രവാദ പ്രവർത്തനത്തിന്റെ ഭീകരത എത്രത്തോളമാണ് എന്നത് ബോധ്യപ്പെടുത്തുന്ന സംഭവമാണിത്. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണവർ. തന്റെ ഭർത്താവല്ലാത്ത ഒരാളോട് മുസ്ലിം സ്ത്രീ സംസാരിക്കാൻ പാടില്ല എന്ന അവരുടെ ചിന്താഗതി താലിബാനിസമാണ്. ഇത് തീവ്രവാദമല്ല, അതിനുമപ്പുറം അതിഭീകരതയാണ്. യഥാർത്ഥത്തിൽ ഇത് ആൾക്കൂട്ടക്കൊലയാണ്’ -ശ്രീമതി പറഞ്ഞു.
‘നിയമം കൈയിലെടുക്കാൻ ഇവർക്കാരാണ് അധികാരം നൽകിയത്. ഇപ്പോൾ അറസ്റ്റിലായ മൂന്നുപേരെ മാത്രമല്ല, അതിൽ ഇടപെട്ട മുഴുവനാളുകളെയും അറസ്റ്റ് ചെയ്യണം. ഇത്തരം ഭീകര പ്രവർത്തനവും തീവ്രവാദ വർഗീയ പ്രവർത്തനവും അവസാനിപ്പിച്ചേ പറ്റൂ. അത് കേരളത്തിന്റെ മണ്ണിൽ വിലപ്പോവില്ല. അതിശക്തമായ പ്രതിഷേധം ഉയർന്നുവരണം. അരാജകത്വത്തിലേക്കും അസാൻമാർഗികതയിലേക്കും പോകുന്നതിനോട് ആർക്കും യോജിക്കാനാവില്ല. ഈ തീവ്രവാദികളുടെ മനസ്സിലിരിപ്പാണ് ഇപ്പോൾ പുറത്തുവന്നത്. ഇത് മുളയിലേ നുള്ളിക്കളയണം. ഇത് അതിശക്തമായി എതിർക്കണം’ -അവർ പറഞ്ഞു.
ആത്മഹത്യ എന്ന പേര് പറയാമെങ്കിലും നടന്നത് ആൾക്കൂട്ട കൊലപാതകമാണെന്ന് പി കെ ശ്രീമതികുറ്റപ്പെടുത്തി. പാഞ്ചാലി വസ്ത്രാക്ഷേപം പോലെ ഒരു ആൾക്കൂട്ടത്തിന്റെ മുൻപിൽ പെൺകുട്ടിഅപമാനിതയായി. പി കെ ശ്രീമതി പറഞ്ഞു. സംഭവം നടന്നത് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അത് ഇന്ന സ്ഥലത്ത് എന്നതല്ല, കേരളത്തിൽ എവിടെയായാലും പിന്നീട് ജീവിച്ചിരിക്കാൻ തോന്നാത്ത തരത്തിലുള്ള അതിഭീകരമായ മാനസിക പീഡനമാണ് ആ സഹോദരി അനുഭവിച്ചത് എന്നും ശ്രീമതി പറഞ്ഞു.
പിണറായി കായലോട് പറമ്പായി പള്ളിക്ക് സമീപത്തെ റസീന മൻസിലിൽ റസീനയെ (40) കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്ചൊവ്വാഴ്ച രാവിലെയാണ് . സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ സി.കെ. റഫ്നാസ് (24) എന്നിവരെയാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.















