കണ്ണൂർ: സഹോദരിയുടെ വീട്ടിൽ അക്രമം കാട്ടിയ യുവതി അറസ്റ്റിൽ. തലശ്ശേരി സ്വദേശി റസീനയാണ് പിടിയിലായത്. പണം നൽകാത്ത വിരോധത്തിലാണ് റസീന സഹോദരിയുടെ തലശ്ശേരി കൂളിബസാറിലുള്ള വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കഴിഞ്ഞ 16ാം തീയതിയാണ് സംഭവം നടന്നത്. ഇവരുടെ ഉമ്മ സഹോദരിയുടെ കൂടെയാണ് താമസം. ഉമ്മ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് അക്രമം അഴിച്ചു വിട്ടത്. സഹോദരിയെയും അവരുടെ 15 കാരിയായ മകളെയും പ്രതി മർദ്ദിച്ചെന്നും പരാതിയിലുണ്ട്. മാർബിൾ കഷ്ണം കൊണ്ട് ജനൽ ചില്ലുകളും കാറിനറെ ഗ്ലാസും തല്ലി തകർക്കുകയും ചെയ്തു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തലശ്ശേരി പൊലീസ് സ്ഥലത്തെത്തി. തടയാൻ എത്തിയ വനിത പൊലീസിനെ റസീന തള്ളിയിട്ട് അക്രമിക്കാൻ ശ്രമിച്ചു. ഒടുവിൽ ബലം പ്രയോഗിച്ചാണ് റസീനയെ കീഴടക്കിയത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് റസീനയെന്ന് പൊലീസ് പറഞ്ഞു. മുൻപ് മദ്യപിച്ച് വാഹനം ഓടിച്ച് യാത്രക്കാരെ ഇടിച്ച് ബഹളമുണ്ടാക്കിയതിന് ഇവർ അറസ്റ്റിലായിട്ടുണ്ട്. വനിത എസ്ഐയെ കൈയേറ്റം ശ്രമിച്ചതിനും ഇവർക്കെതിരെ കേസുണ്ട്.















