റാഞ്ചി: ഓടിക്കൊണ്ടിരുന്ന പൊലീസ് വാഹനത്തിന്റെ ബോണറ്റിൽ കയറി ജന്മദിനം ആഘോഷിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ. ഛത്തീസ്ഗഢിലെ ബലോദ് ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡ്രൈവർക്കെതിരെ നടപടിയെടുത്തു. ബൽറാംപൂർ–രാമാനുജ്ഗഞ്ചിലെ 12-ാം ബറ്റാലിയനിലെ ഡിഎസ്പി തസ്ലിം ആരിഫിന്റെ ഭാര്യ ഫർഹീൻ ഖാനാണ് പൊലീസ് വാഹനത്തിനുമുകളിൽ സുഹൃത്തുക്കൾക്കൊപ്പം ബർത്ത്ഡേ ആഘോഷിച്ചത്.
സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വീഡിയോയിൽ പോലീസ് എസ്‌യുവി മുന്നോട്ട് നീങ്ങുമ്പോൾ അതിന്റെ ബോണറ്റിൽ കേക്കുമായി ഇരിക്കുന്ന ഫർഹീനെ കാണാം. വാഹനത്തിന് മുകളിൽ നീല ബീക്കൺ ഉണ്ടായിരുന്നു, സാധാരണയായി ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമായി ഘടിപ്പിക്കുന്ന സിഗ്നൽ ആണിത്. യുവതി കേക്ക് മുറിക്കുമ്പോൾ മാറ്റ് സ്ത്രീ സുഹൃത്തുക്കൾ വാഹനത്തിന്റെ വാതിലുകളിൽ തൂങ്ങി നിന്ന് സൺറൂഫിൽ നിന്ന് പുറത്തേക്ക് നിൽക്കുന്നത് വീഡിയോയിൽ കാണാം.
സംഭവത്തിൽ മോട്ടോർ വാഹന നിയമത്തിലെ 177, 184, 281 എന്നീ വകുപ്പുകൾ പ്രകാരം ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ്, പൊതു സുരക്ഷയെ അപകടപ്പെടുത്തുന്ന പ്രവൃത്തികൾ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.















