അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രം യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയെ ഏറ്റെടുത്ത് മലയാളി പ്രേക്ഷകർ. ചിത്രം തിയേറ്ററുകളിലെത്തി മണിക്കൂറുകൾ പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. കഥയ്‌ക്കും കഥാപാത്രങ്ങൾക്കും വലിയ സ്വീകാര്യതയാണുള്ളത്.
പ്രേക്ഷകർ നല്ലൊരു സന്ദേശം നൽകുന്ന സിനിമയാണിതെന്നും കഥയും കഥാപാത്രങ്ങളും നന്നായിട്ടുണ്ടെന്നും സിനിമാസ്വാദകർ പറയുന്നു. “ഒരു ലാഗുമില്ലാതെ ചിത്രം ആസ്വദിക്കാൻ കഴിയും. എല്ലാവരും കാണേണ്ട കുടുംബചിത്രമാണിത്. യുവാക്കൾക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നല്ലൊരു സന്ദേശം ചിത്രത്തിലൂടെ പ്രേക്ഷകരിലെത്തുന്നു. ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും അതിഗംഭീരമാണ്. ഖൽബ് പോലെ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. ഖൽബ് കരയിപ്പിച്ചെങ്കിൽ ഇത് പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുന്നുണ്ട്”.

“സമൂഹത്തിൽ നടക്കുന്ന പ്രധാനപ്പെട്ട വിഷയമാണ് ചിത്രം പറയുന്നത്. ഒട്ടും ബോറടിപ്പിക്കാതെ സിനിമ മുന്നോട്ട് പോകുന്നു. അരുൺ വൈഗയുടെ സംവിധാനത്തെ പ്രശംസിക്കാതിരിക്കാൻ കഴിയില്ല. കുടുംബത്തോടൊപ്പമിരുന്ന് കാണാൻ പറ്റിയ സിനിമയാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയെന്നും” പ്രേക്ഷകർ പറയുന്നു.
ജോണി ആന്റണിയുടെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവക്കുന്നത്. മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള.















