100 മക്കൾക്ക് തന്റെ സമ്പാദ്യം വീതിച്ച് നൽകുമെന്ന് ടെലിഗ്രാം സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പവൽ ഡുറോവ്. ഫ്രഞ്ച് മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ഭാവി പദ്ധതികൾ വെളിപ്പെടുത്തിയത്. ബാച്ചിലറായ പവലിന് ബീജദാനത്തിലൂടെയാണ് 100 ലധികം കുട്ടികൾ ജനിച്ചത്.
പതിനഞ്ച് വർഷം മുമ്പാണ് ബീജദാനം ആരംഭിച്ചത്. 100-ലധികം കുഞ്ഞുങ്ങൾ ഈ രീതിയിൽ ജനിച്ചിട്ടുണ്ട്. എന്റെ കുട്ടികൾക്കിടയിൽ ഞാൻ ഒരു വ്യത്യാസവും കാണുന്നില്ല. അവരെല്ലാം എന്റെ കുട്ടികളാണ്, എല്ലാവർക്കും ഒരേ അവകാശങ്ങൾ ഉണ്ടായിരിക്കും. അടുത്തിടെയാണ് വിൽപത്രം എഴുതിയത്. മുപ്പത് വർഷം കഴിഞ്ഞ് അവർക്ക് സ്വത്ത് ലഭിക്കും, ഫ്രഞ്ച് മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം 13.9 ബില്യൺ ഡോളറാണ് പവലിന്റെ ആസ്തി.
ടെക് ലോകത്തിലെ ഏറ്റവും നിഗൂഢമായ വ്യക്തിത്വമാണ് പവൽ ഡുറോവ്. തനിക്ക് 12 രാജ്യങ്ങളിലായി 100 കുട്ടികളുണ്ടെന്നാണ് പവലിന്റെ അവകാശവാദം. പവലിന് മൂന്ന് പങ്കാളികളിലായി ആറ് മക്കളുണ്ട്. എന്നാൽ ഇവര്‍ നിയമപരമായി ഭാര്യമാരല്ല. അതിനാല്‍ തന്നെ പവൽ ഇപ്പോഴും ക്രോണിക്ക് ബാച്ചിലറായി തുടരുകയാണ്.















