ന്യൂഡൽഹി: അടിയന്തരാവസ്ഥ കാലത്തിന്റെ അനുസ്മരണയ്‌ക്കായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടി സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്രം. സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കത്തയച്ചിട്ടുണ്ട്. ജൂൺ 25-ന് ഭരണഘടനാഹത്യ ദിവസായി ആചരിക്കാൻ കേന്ദ്ര സർക്കാർ സാംസ്കാരിക മന്ത്രാലയത്തോട് നിർദേശിച്ചു.
അടിയന്തരാവസ്ഥയെ കുറിച്ചും ഇന്ത്യൻ ജനാധിപത്യത്തിലുണ്ടാകുന്ന സ്വാധീനത്തെ കുറിച്ചും പൊതുജനങ്ങളെ ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനാഹത്യ ദിനം ആചരിക്കുന്നത്. അടിയന്തരാവസ്ഥ കാലത്തെ കഷ്ടതകളും വെല്ലുവിളികളും ജനങ്ങളെ ഓർമിപ്പിച്ചുകൊണ്ടാണ് ഈ ദിനം ആചരിക്കുക.
ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടന ധാർമികതയെയും കുറിച്ചുള്ള പ്രതിഫലനം വളർത്തിയെടുക്കുന്നതിനാണ് പരിപാടികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൂർണമായും ജനങ്ങളെ ബോധവത്കരിക്കുന്ന തരത്തിൽ പരിപാടികൾ സംഘടിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.
സ്കൂളുകളിലും കോളേജുകളിലും ദീപശിഖ മാർച്ചുകൾ, ചലച്ചിത്ര പ്രദർശനങ്ങൾ, ബഹുജന സമ്പർക്ക പരിപാടികൾ എന്നിവ നടത്താനാണ് പദ്ധതി. ജൂൺ 25 മുതൽ 2024 ജൂലൈ 25 വരെ പരിപാടി നീണ്ടുനിൽക്കും. ആറ് ദീപശിഖകൾ ഉൾക്കൊള്ളുന്ന യാത്രയും സംഘടിപ്പിക്കും. അടുത്ത വർഷം മാർച്ച് 21-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ കർത്തവ്യപാതയിൽ ദീപശിഖ ഘോഷയാത്ര അവസാനിക്കും.















