ഇഷ്ട വാഹനത്തിന് ഫാൻസി നമ്പർ സ്വന്തമാക്കാൻ ലക്ഷങ്ങൾ ചെലവഴിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ട്. ലക്ഷങ്ങളും കോടികളും മുടക്കി ആഢംബര കാർ വാങ്ങുന്നവരാണ് കൂടുതലായും വാശിയോടെ ലേലത്തിൽ പങ്കെടുക്കുന്നത്. എന്നാൽ ഒരു ലക്ഷം രൂപയുടെ സ്കൂട്ടറിന് ഫാൻസി നമ്പർ കിട്ടാൻ 14 ലക്ഷം ചെലവാക്കിയ ഒരാളുണ്ട്. ഹിമാചൽ സ്വദേശിയായ സഞ്ജീവ് കുമാറാണ് അൽപ്പം വ്യത്യസ്തനായ ആ വിഐപി.
ഹിമാചൽ പ്രദേശ് ഗതാഗത വകുപ്പ് നടത്തിയ ഓൺലൈൻ ലേലത്തിലൂടെയാണ് സഞ്ജീവ് കുമാർ HP21C-0001 എന്ന നമ്പർ സ്വന്തമാക്കിയത്. ഓൺലൈൻ ലേലത്തിൽ രണ്ട് പേർ മാത്രമാണ് പങ്കെടുത്തത്. മറ്റേയാൾ 13.5 ലക്ഷം രൂപ വിളിച്ചപ്പോൾ സഞ്ജയ് 14 ലക്ഷം രൂപയ്‌ക്ക് നമ്പർ സ്വന്തമാക്കുകയായിരുന്നു. പിന്നലെ മുഴുവൻ തുകയും ട്രഷറിയിലേക്ക് അടക്കുകയും ചെയ്തു. ഇതോടെ എറ്റവും ചെലവേറിയ ഇരുചക്ര രജിസ്ട്രേഷൻ നമ്പർ എന്ന റെക്കോർഡും സഞ്ജയുടെ സ്കൂട്ടറിന് സ്വന്തമായി.
അൽപ്പം സ്പെഷ്യലായ നമ്പറുകൾ സ്വന്തമാക്കുന്നത് തന്റെ പാഷനാണെന്ന് സഞ്ജീവ് കുമാർ പ്രതികരിച്ചു. പാഷന് വിലയിടാറില്ല, എന്തെങ്കിലും ആഗ്രഹിക്കുമ്പോൾ, വില നോക്കാറില്ല,” അദ്ദേഹം പറഞ്ഞു.















