ലീഡ്സ് ടെസ്റ്റിൽ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളിന് സെഞ്ച്വറി. 144 പന്തിലാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും അർദ്ധസെഞ്ച്വറി നേടി സന്നാഹത്തിലെ ഫോം തുടർന്നു. ഏകദിന ശൈലിയിലാണ് ഗിൽ ബാറ്റ് വീശുന്നത്. ചായയ്‌ക്ക പിരിയുമ്പോൾ 215/2 എന്ന മികച്ച നിലയിലാണ് ഇന്ത്യ. ഇംഗ്ലണ്ടിലെ ആദ്യ ഇന്നിംഗ്സിൽ തന്നെയാണ് യശസ്വിയുടെ സെഞ്ച്വറി നേട്ടവും. ലീഡ്സിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണറെന്ന റെക്കോർഡും ജയ്സ്വാൾ പോക്കറ്റിലാക്കി.
നേരത്തെ 42 റൺസെടുത്ത രാഹുലിന്റെയും പൂജ്യത്തിന് പുറത്തായ സായ് സുദർശന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 90ന് 0 എന്ന നിലയിൽ നിന്ന് 92/2 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ ശുഭ്മാൻ ഗില്ലും യശസ്വി ജയ്സ്വാളും ചേർന്ന് കൈ പിടിച്ചുയർത്തുകയായിരുന്നു. ഇരുവരും ചേർന്ന് ഇതുവരെ 123 റൺസാണ് സ്കോർ ബോർഡിലേക്ക് ചേർത്തത്. സ്റ്റോക്ക്സിനും കാഴ്സിനുമാണ് വിക്കറ്റുകൾ ലഭിച്ചത്.















