അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ വിമാനാപകടത്തിൽ ഗുജറാത്തി സംവിധായകൻ മഹേഷ് ജിറാവാല മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. ഡിഎൻഎ പരിശോധനയിലാണ് മഹേഷ് ജിറാവാലയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. വിമാനത്തിലെ യാത്രക്കാരനല്ലാത്ത മഹേഷ് അപകടം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നു. അപകടസ്ഥലത്തുവച്ചാണ് മഹേഷിന്റെ മൊബൈൽ ഫോൺ അവസാനമായി സ്വിച്ച് ഓഫായാത്.
അപകടത്തിന് പിന്നാലെ മഹേഷിനെ കാണാതാവുകയായിരുന്നു. തുടർന്ന് പല സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. മരണം വിശ്വസിക്കാനാവാത്ത ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ ആദ്യം തയാറായിരുന്നില്ല. തുടർന്ന് ഡിഎൻഎ റിപ്പോർട്ടും കത്തിക്കരിഞ്ഞ മഹേഷിന്റെ സ്കൂട്ടറും കാണിച്ചതിന് ശേഷമാണ് മൃതദേഹം ഏറ്റെടുത്തത്.
മഹേഷ് ജിറാവാലയുടെ ദാരുണമായ മരണം ഗുജറാത്തി സിനിമാ ലോകത്തിനും ആരാധകർക്കുമിടയിൽ വലിയ ഞെട്ടലുണ്ടാക്കി. നിരവധി വീഡിയോ ഗാനങ്ങളും പരസ്യങ്ങളും മഹേഷ് സംവിധാനം ചെയ്തിട്ടുണ്ട്. ആശ പഞ്ചലും വൃതി തക്കറും ഒന്നിച്ച് 2019-ൽ പുറത്തിറങ്ങിയ ‘കോക്ക്ടെയിൽ പ്രേമി പാഗ് ഓഫ് റിവഞ്ച്’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. പ്രൊഡക്ഷകൻസ് എന്ന നിർമാണ കമ്പനിയുടെ സിഇഒ കൂടിയായിരുന്നു മഹേഷ്















