വിശാഖപട്ടണം: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച വിശാഖപട്ടണത്തിൽ നടന്ന പ്രധാന ദേശീയ പരിപാടി ഗിന്നസ് ലോക റെക്കോർഡിലേക്ക്. ഒരു സ്ഥലത്ത് നടന്ന ഏറ്റവും വലിയ യോഗാ സമ്മേളനത്തിനുള്ള റെക്കോർഡാണ് സ്വന്തമായത്. മൂന്ന് ലക്ഷത്തിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്.
ആർകെ ബീച്ചിൽ 3.01 ലക്ഷം പേർ പങ്കെടുത്ത പരിപാടിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകിയത്. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, ഗവർണർ എസ്. അബ്ദുൾ നസീർ, കേന്ദ്ര, സംസ്ഥാന മന്ത്രിമാർ എന്നിവരും അദ്ദേഹത്തോടൊപ്പം ചേർന്നു.
ആർകെ ബീച്ച് മുതൽ ഭോഗപുരം വരെയുള്ള 28 കിലോമീറ്റർ ദൂരത്തിലാണ് യോഗ സെഷൻ സംഘടിപ്പിച്ചത്. 2023-ൽ സൂറത്തിൽ (1.47 ലക്ഷം പേർ) സ്ഥാപിച്ച റെക്കോർഡ് തകർത്താണ് പരിപാടി നടന്നത്. ഒരു മാസം നീണ്ടുനിന്ന ‘യോഗാന്ധ്ര’ പ്രചാരണത്തിന്റെ പരിസമാപ്തി കുറിച്ചായിരുന്നു മെഗാ യോഗ സെഷൻ നടന്നത്.
രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ, പ്രൊഫഷണലുകൾ, വിവിധ മേഖലകളിലെ പ്രമുഖർ, യുവാക്കൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ, കുട്ടികൾ എന്നിവർ തീരത്ത് യോഗാസനങ്ങൾ അവതരിപ്പിച്ചു.
ഏകദേശം 11,000 നാവിക ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും മെഗാ പരിപാടിയിൽ പങ്കെടുത്തു. വിശാഖപട്ടണത്ത് നങ്കൂരമിട്ടിരിക്കുന്ന നാവിക കപ്പലുകളിൽ കിഴക്കൻ നാവിക കമാൻഡ് യോഗ സെഷനുകളും സംഘടിപ്പിച്ചു. പരിപാടിക്ക് ശേഷം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പ്രതിനിധികൾ സംസ്ഥാന മന്ത്രിമാരായ നാരാ ലോകേഷിനും സത്യ കുമാറിനും സർട്ടിഫിക്കറ്റ് കൈമാറി. വെള്ളിയാഴ്ച വിശാഖപട്ടണത്ത് നടന്ന കൂട്ട സൂര്യ നമസ്കാര പരിപാടിക്ക് മന്ത്രിമാർക്ക് മറ്റൊരു ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റും ലഭിച്ചു.















