ചെന്നൈ : നിലവിലെ തമിഴ്‌നാട് ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദത്തിനും മുൻഗാമിയായ ശിവ് ദാസ് മീണയ്‌ക്കും എതിരെ മദ്രാസ് ഹൈക്കോടതി
സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചു. ഇതിൽ നോട്ടീസ് അയച്ച ഹൈക്കോടതി ഇരുവരും ജൂലൈ 21 ന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട് . ജസ്റ്റിസ് ബട്ടു ദേവാനന്ദ് ആണ് ഉത്തരവുകൾ പുറപ്പെടുവിച്ചത് .
2023 സെപ്റ്റംബർ 19 ന് കോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കുന്നതിൽ രണ്ട് ഉദ്യോഗസ്ഥരും പരാജയപ്പെട്ടുവെന്നു ഹൈക്കോടതി കണ്ടെത്തി.
ആശ്രിത നിയമനം സംബന്ധിച്ച് തമിഴ്‌നാട് സിവിൽ സർവീസ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ ശുപാർശ ചെയ്യുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ ജസ്റ്റിസ് ദേവാനന്ദ് ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നു. സര്‍വീസിലിരിക്കെ മരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിതര്‍ക്ക് കാരുണ്യ നിയമനം നല്‍കുന്നതിനുള്ള സമയപരിധി നിശ്ചയിക്കുന്ന കാര്യം കമ്മിറ്റി പരിഗണിക്കണമെന്നും കാരുണ്യ നിയമനത്തിന് അര്‍ഹരായ ആശ്രിതരുടെ ജില്ല തിരിച്ചുള്ള പട്ടിക നിലനിര്‍ത്താനുള്ള സാധ്യത പരിഗണിക്കണമെന്നും ജഡ്ജി ഉത്തരവിട്ടിരുന്നു.
മൂന്ന് മാസത്തിനുള്ളിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ജഡ്ജി ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നു. പക്ഷെ , 2025 ജൂൺ 5 ന് ആശ്രിത നിയമനം സംബന്ധിച്ച മറ്റൊരു റിട്ട് ഹർജി പരിഗണിക്കുമ്പോൾ, 2023 ൽ അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവുകൾ ചീഫ് സെക്രട്ടറി പാലിച്ചിട്ടില്ലെന്ന് ജഡ്ജി മനസ്സിലാക്കി.
തുടർന്ന് 2023 സെപ്റ്റംബർ 19 മുതൽ ചീഫ് സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും സ്വമേധയാ കോടതിയലക്ഷ്യ ഹർജി രജിസ്റ്റർ ചെയ്യാൻ അദ്ദേഹം ഹൈക്കോടതി രജിസ്ട്രിയോട് നിർദ്ദേശിച്ചു. അതനുസരിച്ച്, ശിവ് ദാസ് മീണയ്‌ക്കും മുരുകാനന്ദത്തിനുമെതിരെ രജിസ്ട്രി കോടതിയലക്ഷ്യ ഹർജി രജിസ്റ്റർ ചെയ്യുകയും വെള്ളിയാഴ്ച കോടതി യുടെ പരിഗണനയ്‌ക്കായി ലിസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ കോടതി നിയമ നടപടികൾ ആരംഭിച്ച ശേഷം ആശ്രിത നിയമനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതികൾ ശുപാർശ ചെയ്യുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചുകൊണ്ട് 2025 ജൂൺ 11-ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച കോടതിയലക്ഷ്യ ഹർജി പരിഗണിച്ചപ്പോൾ,ആ ഉത്തരവ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ എം. സുരേഷ് കുമാർ കോടതിയിൽ സമർപ്പിച്ചു.
എന്നാൽ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ ഹർജി രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതിന് ശേഷം മാത്രമാണ് ജി.ഒ പുറപ്പെടുവിച്ചതെന്നു കണ്ടത്തിയ കോടതി ഇതിൽ അതൃപ്തി പ്രകടിപ്പിച്ചു. തുടർന്ന് ജഡ്ജി, വിഷയത്തിൽ മുന്നോട്ട് പോകാൻ തീരുമാനിക്കുകയും 30 ദിവസത്തിന് ശേഷം കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഉദ്യോഗസ്ഥർക്കും നോട്ടീസ് അയയ്‌ക്കുകയും ചെയ്തു.
രജിസ്ട്രിയോട് സ്വമേധയാ കോടതിയലക്ഷ്യ ഹർജി രജിസ്റ്റർ ചെയ്യാൻ കോടതി നിർദ്ദേശിച്ചതിനുശേഷം മാത്രമാണ് അവർ അനുസരണം കാണിക്കാൻ ശ്രമിച്ചതെന്നും പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടർന്നാണ് കോടതിയലക്ഷ്യ നടപടി തുടരാൻ തീരുമാനിച്ചത്.















