മുംബൈ: വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ സമീപകാലത്തൊന്നും കാണാത്ത കുതിച്ചു ചാട്ടമാണ് ദൃശ്യമായത്. വിദേശ സ്ഥാപന നിക്ഷേപകരുടെയും (എഫ്‌ഐഐ) ഇന്‍ട്രാഡേ ഓപ്ഷന്‍ ട്രേഡര്‍മാരുടെയും പിന്തുണയോടെ സെന്‍സെക്‌സില്‍ നാല് അക്ക കുതിച്ചുചാട്ടം നടത്തി. നിഫ്റ്റിയും ഒരു ശതമാനത്തിലേറെ മുന്നേറി. ആഭ്യന്തര വിപണിയിലെ ഒറ്റ ദിവസത്തെ സെഷന്‍ നിക്ഷേപകരെ ഏകദേശം 5 ലക്ഷം കോടി രൂപ സമ്പന്നരാക്കി. ബിഎസ്ഇയുടെ വിപണി മൂലധനം ഇപ്പോള്‍ 447.7 ലക്ഷം കോടി രൂപയായി.
എഫ്‌ഐഐകള്‍ സജീവം
1,046 പോയിന്റ് ഉയര്‍ന്ന സെന്‍സെക്‌സ് 82,400 ലാണ് ക്ലോസ് ചെയ്തത്. എന്‍എസ്ഇയില്‍, നിഫ്റ്റി50 സൂചിക 244 പോയിന്റ് അഥവാ 1 ശതമാനം ഉയര്‍ന്ന് 25,038 പോയിന്റില്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ കുറച്ച് സെഷനുകളായി വിട്ടുനിന്ന വിദേശ നിക്ഷേപകര്‍ വെള്ളിയാഴ്ച ശക്തമായ വാങ്ങലുകാരായി മാറി. 7,704 കോടി രൂപയുടെ ഓഹരികളാണ് വെളളിയാഴ്ച എഫ്‌ഐഐകള്‍ വാങ്ങിക്കൂട്ടിയത്. ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐ) 3,050 കോടി രൂപയുടെ വില്‍പ്പനയും നടത്തി.
ജാഗ്രത വേണം
യൂറോപ്യന്‍ വിപണികളില്‍ നിന്നും യുഎസ് വിപണിയില്‍ നിന്നുമുള്ള ശക്തമായ പോസിറ്റീവ് വികാരം ഇന്ത്യന്‍ ഓഹരി വിപണിയില്‍ റാലിക്ക് കാരണമായെന്ന്
മേത്ത ഇക്വിറ്റീസിലെ വിപണി വിദഗ്ധനായ പ്രശാന്ത് തപ്‌സെ പറയുന്നു. വെള്ളിയാഴ്ച നേട്ടമുണ്ടായെങ്കിലും മുന്നോട്ടുളഅള പാതയില്‍ നിരവധി തിരിച്ചടികള്‍ തകാത്തിരിക്കുന്നുണ്ടെന്നും നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്നും തപ്‌സെ മുന്നറിയിപ്പ് നല്‍കുന്നു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതാണ് ഇതില്‍ പ്രധാനം. പിരിമുറുക്കം വര്‍ദ്ധിക്കുന്നത് മൂലം ക്രൂഡ് ഓയില്‍ വില ഉയരാന്‍ സാധ്യതയുണ്ടെന്നും അത് വിപണികളില്‍ അനിശ്ചിതത്വത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച വൈകിട്ടോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് ഏകദേശം 77.32 ഡോളര്‍ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഡബ്ല്യുടിഐ ക്രൂഡ് ഓയില്‍ വില ബാരലിന് 73.84 എന്ന നിലയിലാണ്. നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് വ്യാപാരം നടന്നത്.















