ചേർപ്പ്: ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട് അമിത വേഗതയിൽ വരികയായിരുന്ന സ്വകാര്യ ബസ് ഇടിച്ചു കയറി മൂന്നു സ്ത്രീകൾക്ക് പരുക്ക്. കൊടുങ്ങല്ലൂരിൽ നിന്നും തൃശൂരിലേക്കുള്ള അൽ-അസ ബസാണ് അപകടത്തിൽ പെട്ടത്. തൃശൂർ-കൊടുങ്ങല്ലൂർ റോഡിൽ ഇന്ന് 12 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.ബസിലുണ്ടായിരുന്ന ജീവനക്കാർ ഓടിരക്ഷപ്പെട്ടു. ഡ്രൈവർക്ക് പിന്നാലെ നാട്ടുകാർ ഏറെ ദൂരം പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. സംഭവത്തിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബസ് സ്റ്റോപ്പിൽ നിന്ന മൂന്ന് സ്ത്രീകളെയാണ് ഇടിച്ച് തെറിപ്പിച്ചത്. ബസ് വരുന്നതുകണ്ട് വഴിയിൽ നിന്നവർ ഓടിമാറാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വൂർ സ്വദേശികളായ പ്രേമ,മകൾ സൈന, സംഗീത എന്നിവർക്കാണ് പരിക്കേറ്റത്. പ്രേമയ്‌ക്ക് തലക്ക് ഗുരുതര പരിക്കുണ്ട്. മകൾ സൈനക്ക് കൈയ്യിലും കാലിലും ഒടിവുണ്ട്. സംഗീതക്കും ഗുരുതര പരിക്കാനുള്ളത്.
പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നപ്പോഴായിരുന്നു അപകടം. നല്ല വേഗത്തിലെത്തിയ ബസ് മഴകാരണം റോഡിൽ നിന്ന് തെന്നിനീങ്ങി കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാത്തിരിപ്പുകേന്ദ്രവും സമീപത്തെ ഇലക്ട്രിക് പോസ്റ്റുകളും തകർന്നിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതബന്ധവും നിലച്ചു .















