ടെഹ്‌റാൻ: അമേരിക്കൻ ആക്രമണത്തിൽ ആദ്യ പ്രതികരണവുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ടെഹ്‌റാനിലെ ഭൂഗർഭ ബങ്കറിൽ നിന്നാണ് പ്രസ്താവനയെന്നാണ് സൂചന. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ഖമേനിയുടെ സന്ദേശം ടെലിഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്.
“അമേരിക്കക്കാർ മുമ്പത്തേക്കാൾ വലിയ നാശനഷ്ടങ്ങളും പ്രഹരങ്ങളും പ്രതീക്ഷിക്കണം. ഇറാന് നേരിടേണ്ടിവരുന്ന ഏതൊരു ദോഷത്തേക്കാളും വളരെ വലുതായിരിക്കും അവർക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾ.” ഖമേനി പറഞ്ഞു.
ഖമേനിയുടെ പ്രതിനിധികളുടെ പ്രതികരണവും പുറത്തു വന്നിട്ടുണ്ട്. ” ഇനി വൈകാതെ നടപടിയെടുക്കേണ്ട ഊഴമാണ്. ആദ്യപടിയായി, ബഹ്‌റിനിലെ യുഎസ് നാവിക സേനയ്‌ക്ക് നേരെ മിസൈൽ ആക്രമണം നടത്തണം. അതോടൊപ്പം അമേരിക്കൻ, ബ്രിട്ടീഷ്, ജർമ്മൻ, ഫ്രഞ്ച് കപ്പലുകൾക്ക് മുന്നിൽ ഹോർമുസ് കടലിടുക്ക് അടയ്‌ക്കണം,’ ഖമേനിയുടെ അടുത്ത വിശ്വസ്തൻ ഹൊസൈൻ ശരിയത്ത്മദാരിയെ ഉദ്ധരിച്ച് ഇറാനിലെ യാഥാസ്ഥികരുടെ പത്രമായ കെയ്‌ഹാൻ പത്രം റിപ്പോർട്ട് ചെയ്തു. കെയ്‌ഹാന്റെ മാനേജിംഗ് എഡിറ്റർ കൂടിയാണ് ശരിയത്ത്മദാരി.
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾ അമേരിക്ക ബോംബിട്ട് തകർത്ത കാര്യം ഇന്ന് പുലർച്ചെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചത്. ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്കൻ സേന വ്യോമാക്രമണം നടത്തിയത്.















