കോഴിക്കോട്ടെയും മലപ്പുറത്തെയും പ്രവാസി വ്യവസായികളുടെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 262 കോടിയുടെ ഹവാല ഇടപാട് കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശിയായ നരിക്കോടൻ ഹമീദിന്റെ ഉമസ്ഥതയിലുള്ള ‘സിഷെൽസ് സേവറി’ ഗ്രൂപ്പിലും മലപ്പുറം പുളിക്കൽ സ്വദേശികളുടെ ‘സിബ്രീസ്’ ഗ്രൂപ്പിലുമാണ് വൻ ഹവാല ഇടപാട് കണ്ടെത്തിയത്.
സിഷെൽസ് സേവറി ഗ്രൂപ്പ് 141 കോടിയുടെയും കരിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിബ്രീസ് ഗ്രൂപ്പ് 121 കോടിയുടെ ഹവാല ഇടപാടാണ് നടത്തിയത്. ഇവരുടെ വസതികളിലും സ്ഥാപനങ്ങളിൽ നിന്നുമായി 2.17 കോടിയുടെ കറൻസിയും കണ്ടെടുത്തു.
സിഷെൽസ് ഗ്രൂപ്പുടമയായ നരിക്കോടൻ ഹമീദിന് ദുബായ്, ഫുജൈറ, അജ്മാൻ എന്നിവിടങ്ങളിലായി ഹോട്ടലുകളുണ്ട്. ഇവിടെ നിന്നുള്ള വരുമാനത്തിൽ നിന്നും 82 കോടിയാണ് ഹവാലയായി ഇന്ത്യയിൽ എത്തിച്ചത്.
സിഷെൽസിന് ബെംഗളൂരുവിൽ എട്ടും ചെന്നൈയിൽ ആറും മംഗളൂരു കോഴിക്കോട് എന്നിവിടങ്ങളിൽ ഒന്ന് വീതവും ഹോട്ടലുകളുമുണ്ട്. മാവൂർ റോഡിൽ വൻ ഭൂമി ഇടപാട് നടത്തിയിട്ടുണ്ടെങ്കിലും ചെറിയ തുകയാണ് കാണിച്ചത്. 100 കോടിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖകളും കണക്കിൽ പെടാത്ത 1.28 കോടിയും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
മലപ്പുറം പുളിക്കൽ സ്വദേശികളായ അബ്ദുൾ റസാഖ്, റഷീദ് അലി, അഹമ്മദ് കബീർ എന്നിവരുടെ എന്നിവരുടെ ഉമസ്ഥതയിലുള്ള സിബ്രീസ് ലോജിസ്റ്റിക്സിന്റെ പേരിൽ 78 കോടിയുടെ ഹവാല ഇടപാടാണ് നടന്നത്. മൊബൈൽ പാർട്ട്സുകൾ ചൈനയിൽ നിന്നും ദുബായ് വഴി കേരളത്തിലേക്ക് അയക്കാനായി 9 ഷെൽ കമ്പനികളാണ് കോഴിക്കോട് ഇവർ രജിസ്റ്റർ ചെയ്തത്. കസ്റ്റസ് തീരുവ വെട്ടിക്കാൻ വിലകുറച്ച് കാണിച്ചാണ് ഇവ കൊണ്ടുവന്നത്.
വൻ ഹവാല ഇടപാട് കണ്ടെത്തിയതിനാൽ ഇഡി അടക്കമുള്ള മറ്റ് കേന്ദ്ര ഏജൻസികൾക്ക് വിവരം കൈമാറും. മൂന്ന് ദിവസം കൊണ്ടാണ് ആദായ നികുതി വകുപ്പ് പരിശോധന പൂർത്തിയാക്കിയത്.















