തിരുവനന്തപുരം : കേരളത്തിൽ നടപ്പിലാക്കാനുള്ള സിപിഎമ്മിന്റെ ശ്രമത്തിനെതിരെ ആഞ്ഞടിച്ച് വി. മുരളീധരൻ.
കേരളത്തിൽ സിപിഎം ഗുണ്ടാരാജ് നടപ്പിലാക്കാനുള്ള ശ്രമം നടത്തുകയാണെന്നും, ഭരണകൂടം ഗുണ്ടാരാജിന് ഒത്താശ ചെയ്യുന്നു എന്നും അദ്ദേഹം ആരോപിച്ചു. ഇതിൽ നിന്ന് കേരളത്തിൽ നിയമവാഴ്ച തകർന്നു എന്നത് വ്യക്തമാകുന്നു എന്നും മുരളീധരൻ പറഞ്ഞു.
“ജനാധിപത്യ സംവിധാനത്തിൽ മന്ത്രിമാർക്കെതിരെ പ്രതിഷേധിക്കുന്നതും കരിങ്കൊടി കാണിക്കുന്നതുമൊക്കെ സാധാരണയാണ്.ശിവൻകുട്ടി ദേശീയ ഗാനത്തോടും ഭരണഘടന മൂല്യങ്ങളോടും രാജ്ഭവനോടും കാണിച്ച അനാദരവിലാണ് എബിവിപി പ്രതിഷേധിച്ചത്. പ്രതിഷേധം മന്ത്രിയുടെ സുരക്ഷയെ ബാധിക്കുമെങ്കിൽ അത് കൈകാര്യം ചെയ്യേണ്ടത് പോലീസാണ്. മന്ത്രിയുടെ സുരക്ഷ സിപിഎം ഗുണ്ടകളെ ഏൽപ്പിച്ചിട്ടില്ല” വി മുരളീധരൻ പറഞ്ഞു.
സിപിഎം ഗുണ്ടകൾ തിരുവനന്തപുരത്തെ അവരുടെ കയ്യാങ്കളിക്കുള്ള വേദിയാക്കി മാറ്റിയാൽ മറുപടി പറയാൻ കയ്യൂക്കുള്ള മറ്റുള്ളവരും ഉണ്ടാകും എന്നും അത് ക്രമസമാധാന പാലനത്തെ ബാധിക്കും എന്നും വി മുരളീധരൻ മുന്നറിയിപ്പ് നൽകി.
“നിയമം കൈയ്യിലെടുക്കുന്നവരെ നിയമപരമായി നേരിടുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ജനാധിപത്യപരമായി സമരം ചെയ്ത വിദ്യാർഥികൾക്കെതിരെയാണ് സിപിഎം ഗുണ്ടകൾ നിയമം കയ്യിലെടുത്തത്. സിപിഎം ഗുണ്ടകളെ കസ്റ്റഡിയിൽ എടുക്കേണ്ട ഉത്തരവാദിത്തമുള്ളത് പോലീസിനാണ്.അത് നടക്കാത്തതിന്റെ അർത്ഥം ഭരണകൂടം തന്നെ ഗുണ്ടാരാജിന് ഒത്താശ ചെയ്യുന്നുവെന്നതാണ്”, വി മുരളീധരൻ പറഞ്ഞു.
“ശിവൻകുട്ടിയുടെ പെരുമാറ്റം മന്ത്രിസ്ഥാനത്തിന് യോഗ്യമായ രീതിയിലല്ല. നിയമസഭയിൽ ശിവൻകുട്ടി കാണിച്ച കോപ്രായങ്ങളും അക്രമങ്ങളും ശിവൻകുട്ടിക്ക് ജനാധിപത്യ സംവിധാനത്തോട് എത്രത്തോളം ബഹുമാനം ഉണ്ടെന്നുള്ളതിന്റെ തെളിവാണ്.ശിവൻകുട്ടി പ്രകോപനപരമായ പ്രസ്താവനകൾ തുടർന്നാൽ സിപിഎമ്മുകാർക്ക് വഴി നടക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. മന്ത്രി എരിതീയിൽ എണ്ണയൊഴിക്കരുത്.
നിയമം നടപ്പിലാക്കാനുള്ള വഴി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വീട്ടിലിരിക്കണം”, വി മുരളീധരൻ പറഞ്ഞു.
(എസ് എഫ് ഐ ക്കാർ എ ബി വിപി ക്കെതിരെ അക്രമം അഴിച്ചു വിട്ടതിനെ തുടർന്ന് അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടെന്നോണം വി ശിവൻ കുട്ടി തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത്)















