ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയനുമായി ആശയവിനിമയം നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു. നിലവിലെ സാഹചര്യത്തിൽ ഭാരതത്തിന് ആശങ്കയുണ്ടെന്നും സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇറാൻ പ്രസിഡന്റിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനം തിരികെ കൊണ്ടുവരാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ ഇറാൻ പ്രസിഡന്റ് അഭിനന്ദിച്ചു.
Spoke with President of Iran @drpezeshkian. We discussed in detail about the current situation. Expressed deep concern at the recent escalations. Reiterated our call for immediate de-escalation, dialogue and diplomacy as the way forward and for early restoration of regional…
— Narendra Modi (@narendramodi) June 22, 2025
ഇറാൻ പ്രസിഡന്റ് പ്രധാനമന്ത്രിയെ ഇങ്ങോട്ട് വിളിച്ച് സ്ഥിതിഗതികൾ വിശദീകരിക്കുകയായിരുന്നു എന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 45 മിനിറ്റോളം സംഭാഷണം നീണ്ടുനിന്നു എന്നാണ് സൂചന. യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പിന്തുണ ഇറാൻ തേടിയത്.
ഇസ്രായേൽ- ഇറാൻ സംഘർഷം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ തന്നെ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ പ്രധാനമന്ത്രിയെ ടെലഫോണിൽ വിളിച്ചിരുന്നു. അന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും അക്രമം ശ്വാശ്വത പരിഹാരമാർഗമല്ലെന്നുമുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. അതേ നിലപാട് ഇന്നത്തെ സംഭാഷണത്തിലും പ്രധാനമന്ത്രി ആവർത്തിക്കുകയായിരുന്നു.















