തിരുവനന്തപുരം: ഗുണനിലവാരം കുറഞ്ഞ അരി കഴുകി വെളുപ്പിച്ച് ബ്രാൻഡഡ് എന്ന പേരിൽ മലയാളി തീൻമേശയിൽ എത്തുന്നു. റേഷൻ അരിയും അന്യസംസ്ഥാനങ്ങളിൽ നിന്ന് കിലോയ്‌ക്ക് ഒന്നോ രണ്ടോ രൂപയ്‌ക്ക് കിട്ടുന്ന അരിയും ചേർത്താണ് വിൽപ്പന. നാട്ടുകാരുടെ പരാതിയെ തുടർന്ന് തിരുവനന്തപുരം പാലോട് ഇത്തരത്തിലുളള ഗോഡൗൺ സപ്ലൈസ് വകുപ്പ് പൂട്ടിച്ചു. ആപ്പിൾ എന്ന ബ്രാൻഡിലാണ് ഇവിടെ നിന്നും അരി വിൽപ്പന നടത്തിയിരുന്നത്.
നെടുമങ്ങാട് വാളിക്കോട് സ്വദേശി ഷാരുഖ് ആണ് കെട്ടിടം വാടകയ്‌ക്ക് എടുത്തത്. ഒരു മാസം മുമ്പാണ് എഎംഎസ് ട്രേഡിംഗ് കമ്പനി എന്ന പേരിൽ ഗോഡൗൺ ആരംഭിച്ചത്. ഗോഡൗണിന്റെ പ്രവർത്തനത്തിൽ നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ലോഡ് കയറ്റാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ തടഞ്ഞ് പൊലീസിനെ അറിയിക്കുകയായിരുന്നു.
പരിശോധനയിൽ പഴയതും പുതിയതുമായ 435 അരിച്ചാക്കുകൾ പിടിച്ചെടുത്തു. ഇവ സപ്ലൈകോ ഗോഡൗണിലേക്ക് മാറ്റി. അരി ഗുണനിലവാര പരിശോധനയ്‌ക്ക് അയക്കുമെന്ന് സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.















