ന്യൂഡെല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ പ്രതിസന്ധിയിലായി ഇന്ത്യയിലെ ബസുമതി അരി കയറ്റുമതിക്കാര്‍. ഇറാനിലേക്ക് കയറ്റിയയക്കേണ്ട ഏകദേശം 1,00,000 ടണ്‍ ബസുമതി അരിയാണ് ഇന്ത്യന്‍ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.
ഇന്ത്യയുടെ ഇറാനിലേക്കുള്ള ആകെ ബസുമതി അരി കയറ്റുമതിയുടെ 20 ശതമാനത്തോളമാണ് സംഘര്‍ഷം മൂലം കുടുങ്ങിക്കിടക്കുന്നതെന്ന് ഓള്‍ ഇന്ത്യ റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സതീഷ് ഗോയല്‍ സ്ഥിരീകരിച്ചു. സൗദി അറേബ്യയ്‌ക്ക് ശേഷം ഇന്ത്യയുടെ ബസുമതി അരിയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇറാന്‍. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 1 ദശലക്ഷം ടണ്‍ അരിയാണ് ഇന്ത്യ ഇറാനിലേക്ക് കയറ്റുമതി ചെയ്തത്.
ഗുജറാത്തിലെ കാണ്ട്‌ല, മുന്ദ്ര തുറമുഖങ്ങളിലാണ് ഇറാനിലേക്കുള്ള ബസുമതി അരി കെട്ടിക്കിടക്കുന്നത്. സംഘര്‍ഷ സാഹചര്യം കാരണം ഇറാനിലേക്കുള്ള കയറ്റുമതികള്‍ക്ക് കപ്പലുകളും ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമല്ല. അന്താരാഷ്‌ട്ര സംഘര്‍ഷങ്ങള്‍ക്ക് ഷിപ്പിംഗ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കവറേജ് നല്‍കാറില്ല.