വാഷിംഗ്ടൺ: ഖത്തറിലെ സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുവന്ന ഇറാന്റെ 14 മിസൈലുകളിൽ 13 എണ്ണവും വെടിവച്ചിട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആക്രമണത്തിന് പ്രതികാര നടപടിയുണ്ടാകില്ലന്നും ആക്രമണം മുൻകൂട്ടി അറിയിച്ചതിന് നന്ദിയുണ്ടെന്നും ട്രംപ് എക്സിൽ കുറിച്ചു.
“ഇറാന്റെ എല്ലാ പ്രതികാരവും തീർന്നുവെന്ന് കരുതുന്നു. ഇനിയൊരു ആക്രമണമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ഇറാന് സമാധാനവും ഐക്യവും കൊണ്ടുവരാൻ സാധിക്കും. അതിനായി ഇസ്രയേലിനോടും ഞാൻ ആവശ്യപ്പെടും”.
മൂന്ന് ആണവകേന്ദ്രങ്ങൾ തകർത്തതിനെതിരെയുള്ള ഇറാന്റെ തിരിച്ചടി വളരെ ദുർബലമായിരുന്നു. ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയതിന് നന്ദി. അതിനാലാണ് ആർക്കും ജീവഹാനി സംഭവിക്കാത്തത്.
ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ ഉടൻ പ്രാബല്യത്തിൽ വരും. 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നും ട്രംപ് കുറിച്ചു. ഇറാനിലെ ഫോർദോ, നതാൻസ്, എസ്ഫഹാൻ എന്നീ ആണവകേന്ദ്രങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. ഇതിന് മറുപടിയായിരുന്നു ഖത്തറിലെ യുഎസ് സൈനിക കേന്ദ്രം ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം.













