എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരൻ സിറാജ്. നിർമാതാക്കൾ നടത്തിയത് സംഘടിത കുറ്റകൃത്യമായിരുന്നുവെന്ന് സിറാജ് പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യഹർജിക്കെതിരെയാണ് സിറാജ് രംഗത്തെത്തിയത്.
കേസിൽ പ്രതികളെ കസ്റ്റഡിയിലെടുക്കണമെന്നും ചോദ്യം ചെയ്യണമെന്നും സിറാജ് വാദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് വാദം കേട്ടത്. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹർജിക്കാർക്ക് മരട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയത്. എന്നാൽ, മുൻകൂർ ജാമ്യഹർജി പരിഗനയിലുള്ളതിനാൽ പ്രതികൾക്ക് സാവകാശം നൽകുകയായിരുന്നു.
സിനിമയിൽ നിർമാണ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 7 കോടി രൂപ വാങ്ങി വഞ്ചിച്ചെന്നതാണ് കേസ്. പറവ ഫിലിംസിന്റെ പാർട്ണർമാരായ നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റോണി എന്നിവരെ പ്രതിചേർത്താണ് മരട് പൊലീസ് കേസെടുത്തത്.















