കാൻസർ രോഗിയായ മുത്തശ്ശിയെ കൊച്ചുമകൻ മാലിന്യകൂമ്പാരത്തിന് മുകളിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. മുംബൈയിലെ ആരേ കോളനി ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ശനിയാഴ്ച രാവിലെയാണ് പൊലീസ് കൺട്രോൾ റൂമിൽ ഫോൺ കോൾ എത്തിയത്. പിങ്ക് നൈറ്റ് ഡ്രസും ഗ്രേ പെറ്റിക്കോട്ടും ധരിച്ച വയോധിക മാലിന്യകുമ്പാരത്തിൽ കിടക്കുന്നുവെന്നാണ് ഫോണിന്റെ ഉള്ളടക്കം. പൊലീസ് സ്ഥലത്തെത്തി വയോധികയെ ആശുപത്രിയിലേക്ക് മാറ്റി.
സ്ത്രീ മലാഡ് സ്വദേശിയായ യശോദ ഗെയ്‍ക്വാദാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മലാഡിൽ കൊച്ചുമകനൊപ്പമാണ് സ്ത്രീ താമസിക്കുന്നത്. സ്കിൻ ക്യാൻസർ ബാധിതയാണ്. മുഖത്ത് ഉണങ്ങാത്ത മുറിവുണ്ട്. അർബുദം മൂലമാണ് പരുക്കെന്നാണ് സൂചന. യശോദയുടെ കവിളിലും മൂക്കിലും അണുബാധയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൂപ്പർ ആശുപത്രിയിലെ ഡോക്ടർമാർ യശോദയ്‌ക്ക് ബേസൽ സെൽ കാർസിനോമ എന്ന സ്കിൻ കാൻസറാണെന്ന് സ്ഥിരീകരിച്ചു .
കൊച്ചുമകനാണ് മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിച്ചതെന്ന് യശോദ പൊലീസിനോട് പറഞ്ഞു. സിസിടിവി ക്യാമറകളില്ലാത്ത സ്ഥലം നോക്കിയാണ് സ്ത്രീയെ ഉപേക്ഷിച്ചത്. യശോദ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചുമകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. യശോദയുടെ കുടുംബത്തെ കണ്ടെത്താൻ സഹായിക്കണമെന്ന് സീനിയർ ഇൻസ്പെക്ടർ പാട്ടീൽ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.















