റോഡരികിൽ പഴങ്ങൾ വിൽക്കുന്ന വഴിയോര കച്ചവടക്കാരനോട് കുസൃതി കാട്ടി പഴം വാങ്ങി കഴിക്കുന്ന കുട്ടിയാനയുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. റോഡിലൂടെ നടന്നു നീങ്ങുന്നതിനിടെ വഴിയരികിൽ കണ്ട പഴവണ്ടിക്ക് അടുത്തേക്ക് പോയി കച്ചവടക്കാർ നൽകിയ പഴവും വാങ്ങി കൂളായി നടന്നു നീങ്ങുന്ന കുട്ടിയാനയാണ് കാഴ്ചക്കാർക്ക് കൗതുകമായി മാറിയിരിക്കുന്നത്.
വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് ഈ ഹൃദയസ്പർശിയായ വീഡിയോ എക്‌സിൽ പോസ്റ്റ് ചെയ്തത്. റോഡിൽ ഒരുകൂട്ടം കൊമ്പനാനകൾക്കൊപ്പം അവരുടെ പിന്നിലായി നടക്കുന്ന കുഞ്ഞനാനയെ വീഡിയോയിൽ കാണാം. പോകുന്ന വഴിക്ക് കാണുന്ന പഴക്കച്ചവടക്കാരന്റെ വണ്ടിയിൽ അവന്റെ കണ്ണുകൾ ഉടക്കി. പിന്നെ റൂട്ട് മാറ്റി അവിടെയെത്തി. തുമ്പികൈകൾ നീട്ടി അവിടെയിരുന്ന കരിമ്പിൻ കഷ്ണം നൽകാൻ കടക്കാരനോട് ആവശ്യപ്പെട്ടു. അവന്റെ ഭാഷ മനസിലായിട്ടെന്നോണം അവിടെ നിന്ന സ്ത്രീ ഒരു കരിമ്പിൻ കഷ്ണമെടുത്ത് അവന്റെ തുമ്പിക്കയ്യിൽ വച്ച് നൽകി. കുട്ടിയാന അതുമായി മറ്റ് ആനകൾക്കൊപ്പം നടന്നു നീങ്ങി.
A quick snacks break for Chotu. Cute💕 pic.twitter.com/euuOjJkzN8
— Susanta Nanda IFS (Retd) (@susantananda3) June 23, 2025
സമാധാനപ്രിയനായ കുട്ടിയാനയുടെ ഈ പ്രവർത്തി കണ്ടുനിന്നവരെയും അത്ഭുതപ്പെടുത്തി. കുറുമ്പൊന്നും കാട്ടാതെ അനുസരണയോടെ കാത്തുനിന്ന് ഭക്ഷണം വാങ്ങിപോകുന്ന ആനക്കുട്ടിയെ ഉപയോക്താക്കൾ പ്രശംസിച്ചു. വീഡിയോ ഇതിനോടകം 30,000 ആളുകളാണ് കണ്ടിരിക്കുന്നത്. പലരും കമന്റ് ബോക്സിൽ തമാശ നിറഞ്ഞതും വൈകാരികവുമായ അഭിപ്രായങ്ങളുടെ ഒരു നിര തന്നെ സൃഷ്ടിച്ചു.















