ഡൽഹി: ശ്രീനാരായണഗുരുദേവനും മഹാത്മാഗാന്ധിയും ശിവഗിരി മഠത്തില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തിൽ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്നു. രാവിലെ 9ന് രജിസ്ട്രേഷനെ തുടര്‍ന്ന് ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠര്‍ നയിച്ച ജപം , ധ്യാനം, സമൂഹപ്രാര്‍ത്ഥന എന്നിവയ്‌ക്ക് ശേഷം ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കാരവും നടന്നു. 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു . ശിവഗിരി ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമി അധ്യക്ഷത വഹിച്ചു.
ധര്‍മ്മസംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ ഗുരുസ്മരണ നടത്തി . ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം ആശംസിച്ചു . കേന്ദ്ര ഫിഷറീസ് ക്ഷീരവികസനം ന്യൂനപക്ഷ ക്ഷേമ വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ മുഖ്യാതിഥിയായിരുന്നു. . അടൂര്‍ പ്രകാശ് എം. പി മുഖ്യപ്രഭാഷണം നടത്തി. സച്ചിദാനന്ദസ്വാമി രചിച്ച ഗുരുദേവനും ഗാന്ധിജിയും ഹിന്ദി, ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ സമ്മേളനത്തില്‍ വച്ച് പ്രധാനമന്ത്രിക്ക് സമർപ്പിച്ചു.
ലോകസമാധാനം ശ്രീനാരായണഗുരുദേവദര്‍ശനത്തിലൂടെ എന്ന വിഷയത്തില്‍ നടത്തിയ സമ്മേളനവും നടന്നു. ധര്‍മ്മസംഘം ട്രഷറര്‍ ശാരദാനന്ദ സ്വാമിയും, ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയും അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി . ഗുരുവും ലോകസമാധാനവും വിഷയം അവതരിപ്പിച്ചു. ധര്‍മ്മസംഘം മുന്‍ ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി കൃതജ്ഞത പറഞ്ഞു.
ഗുരുദേവ ഗാന്ധി സമാഗമശതാബ്ദി ചരിത്രവും വര്‍ത്തമാനകാല പ്രസക്തിയും ചര്‍ച്ച സമ്മേളനം ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉദ്ഘാടനം ചെയ്തു . സച്ചിദാനന്ദസ്വാമി സമാപന സന്ദേശം നൽകി . ചടങ്ങുകളിൽ സന്യാസി വര്യന്മാർ, എംപിമാർ, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ ഭാരവാഹികൾ, ശ്രീനാരായണ ഭക്തർ തുടങ്ങിയവർ സംബന്ധിച്ചു.















