തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്തു നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍.
“അക്കാലത്ത് രാജ്യത്ത് എന്താണു നടന്നതെന്ന് വരും തലമുറ അറിയണം. അതിക്രൂരമായ അതിക്രമങ്ങളുടെ ഉത്തരവാദികള്‍ ആരായിരുന്നുവെന്നും രാജ്യത്ത് ജനാധിപത്യത്തെ ചവിട്ടിമെതിച്ചത് ആരാണെന്നും അവര്‍ മനസിലാക്കണം. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മള്‍ നിതാന്തജാഗ്രത പുലര്‍ത്തണം” ഗവര്‍ണര്‍ പറഞ്ഞു. അടിയന്തിരാവസ്ഥക്കാലത്തുണ്ടായ അതിക്രമങ്ങളെ അടിസ്ഥാനമാക്കി ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള എഴുതിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാജേന്ദ്ര അര്‍ലേക്കര്‍.
“ജനങ്ങളുടെയും സമൂഹത്തിന്റെയും നിതാന്ത ജാഗ്രതയാണ് ജനാധിപത്യ മൂല്യങ്ങള്‍ നിലനില്‍ക്കാനും സംരക്ഷിക്കപ്പെടാനും സഹായിക്കുന്നത്. അടിയന്തരാവസ്ഥയുടെ 21 മാസങ്ങള്‍ പൗരസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയും ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ത്തുമാണു മുന്നേറിയത്. അതിക്രമങ്ങളുടെയും ഭീഷണികളുടെയും ഒരു കാലഘട്ടമായിരുന്നു അത്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തന്നെയാണ് അടിയന്തരാവസ്ഥ അവസാനിപ്പിക്കപ്പെടാനുള്ള വഴി തുറന്നത്”. അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർവകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ജി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍,ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) സയ്യിദ് അബ്ദുള്‍ നസീര്‍, കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ അബ്ദുള്‍ സലാം, മുന്‍ ഹൈക്കോടതി ജഡ്ജി എം.ആര്‍. ഹരിഹരന്‍ നായര്‍, കെ. രാമന്‍ പിള്ള തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.















