ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് കുട്ടികളെ വിൽക്കുന്ന സംഘം പിടിയിൽ. സേലം സ്വദേശി മോഹൻരാജ് എന്നയാളുടെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിക്കുന്നത്. ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് പണം നൽകി ഇവർ കൈക്കലാക്കിയിരുന്നത്.
പണമിപാടുമായി ബന്ധപ്പെട്ട തർക്കത്തിലാണ് മോഹൻരാജിനെ പൊലീസ് പിടികൂടുന്നത്. ഇയാളുടെ മൊബൈൽ പരിശോധിച്ചപ്പോൾ നിരവധി ചെറിയ കുട്ടികളുടെ ഫോട്ടോ കണ്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് കുട്ടികളെ വിൽക്കുന്ന മാഫിയയിലേക്ക് എത്തിയത്.
മോഹൻരാജിൽ നിന്നുമാണ് മറ്റൊരു സംഘാംഗമായ ജനാർദ്ദനിലേക്ക് പൊലീസ് എത്തുന്നത്. കുട്ടികളെ ആവശ്യമുണ്ടെന്ന് വ്യാജേന പൊലീസ് ഇയാളെ സമീപിച്ചു. നാല് ലക്ഷം രൂപ നൽകിയാൽ ആൺകുട്ടിയെ നൽകാമെന്ന് ജനാർദ്ദനൻ അറിയിച്ചു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു.
ഈറോഡ് കേന്ദ്രീകരിച്ച് കുട്ടികളെ വിൽക്കുന്ന മാഫിയ സജീവമാണ്. ദിവസങ്ങൾക്ക് മുമ്പ് ഈറോഡിൽ നിന്നും ഒരു കുഞ്ഞിനെ സേലത്ത് മൂന്ന് ലക്ഷം രൂപയ്‌ക്ക് വിറ്റിരുന്നു. ഇടപാടിൽ മോഹരാജിന്റെ ഭാര്യയും പങ്കാളിയായിരുന്നു.
സേലം, ഈറോഡ്, കരൂർ, നാമക്കൽ, തിരുപ്പൂർ, കൊയമ്പത്തൂർ, കൃഷ്ണഗിരി തുടങ്ങിയ മേഖലയിലെ കുട്ടികളില്ലാത്ത ബിസിനസുകാർക്കാണ് ഇവർ നിയമവിരുദ്ധമായി വൻ തുകവാങ്ങി കുട്ടികളെ നൽകിയിരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 30 കുട്ടികളെ ഇവർ വിറ്റിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടികളെ കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി ചിത്രയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ വിറ്റവരേയും വാങ്ങിയവരേയും കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















