അടിയന്തരാവസ്ഥ കാലത്തെ നടുക്കുന്ന ഓർമകളുമായി കേരള എമർജൻസി വിക്ടിം അസോസിയേഷൻ പ്രസിഡന്റ് പി കെ ഭരതൻ. ആർഎസ്എസിന്റെ വളർച്ചയുടെ സമയത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നും അടിയന്തരാവസ്ഥ എന്ന് കേൾക്കുമ്പോൾ തന്നെ ഉള്ളിലൊരു കിടിലമാണ് അനുഭവപ്പെടുന്നതെന്നും ഭരതൻ പറഞ്ഞു. ജനംടിവി ഓൺലൈനിൽ നടന്ന പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കേരളത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് ആർഎസ്എസ് പ്രവർത്തകർക്ക് നിരോധനമുണ്ടാകുമെന്ന വിവരം ലഭിച്ചിരുന്നു. എല്ലാവരും സജ്ജരാകണമെന്ന നിർദേശമുണ്ടായിരുന്നു. എന്നെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തി. വീടിനടുത്തുള്ള കടയുടെ മുന്നിൽ ഞാൻ ഇരിക്കുന്ന സമയത്താണ് പൊലീസ് വന്നത്. എന്നോട് വന്ന് ഭരതന്റെ വീട് എവിടെയെന്ന് ചോദിച്ചു. എന്നെ അവർക്ക് അറിയില്ലെന്ന് അപ്പോൾ എനിക്ക് മനസിലായി. ഞാൻ എന്റെ വീട് ചൂണ്ടികാണിച്ചു. ഭരതൻ അവിടെയുണ്ടോയെന്ന് എന്നോട് ചോദിച്ചു. കുറച്ച് മുമ്പ് കണ്ടിരുന്നെന്നും ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും പറഞ്ഞു.
ഭരതൻ വന്നാൽ സ്റ്റേഷനിൽ വരണമെന്ന് വീട്ടുകാരോട് പറഞ്ഞിട്ട് പൊലീസ് പോയി. പിന്നീട് എസ്ഐയുടെ വീട്ടിൽ പോയി സംസാരിച്ചു. ഇനി ആർഎസ്എസ് എന്ന് പറഞ്ഞ് നടക്കരുതെന്ന് പറഞ്ഞ് എസ്ഐ എന്നെ ശാസിച്ചു”.
“അതിന് ശേഷമാണ് ലോകസംഘർഷ സമരവും സമരരൂപീകരണവുമായി ചർച്ചകൾ വരുന്നത്. കാലടി ബാച്ചിലെ ലീഡറായി എന്നെ പ്രഖ്യാപിച്ചു. മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അത് നടന്നില്ല. ഞങ്ങൾ അങ്കമാലി റോഡിലേക്ക് പ്രകടനം നടത്തി. ഭാരത് മാതാ കീജയ് വിളിച്ച് മുന്നിലേക്ക് നടന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരായി ഞങ്ങൾ പ്രസംഗിച്ചു. ചുറ്റും ജനങ്ങൾ തടിച്ചുകൂടി. എസ്ഐ വന്ന് വണ്ടിയിലേക്ക് കയറാൻ ആവശ്യപ്പെട്ടു. കാറിന്റെ ഡോർ അടച്ച് വീണ്ടും ഞാൻ മുദ്രാവാക്യം വിളിച്ചു”.
“കയറില്ലല്ലേ എന്ന് പറഞ്ഞ് എന്റെ വയറ്റിൽ പിടിച്ച് തള്ളി കാറിനകത്ത് കയറ്റി. സ്റ്റേഷനിൽ കൊണ്ടുവന്നു. എസ്ഐ എന്റെ അടുത്തേക്ക് വന്നു, എന്റെ കഴുത്തിന് പുറത്തായി പിടിച്ചു. എസ്ഐയുടെ കാലുകൾക്ക് ഇടയിലായി എന്റെ തലപിടിച്ചുവച്ച് കുനിച്ചുനിർത്തി ഇടിച്ചു. വെറൊരു പൊലീസുകാരൻ വന്ന് രണ്ട് ചെകിട്ടിലും അടിച്ചു. എന്നോടൊപ്പം നിന്ന ഓരോരുത്തരെയും ഇതുപോലെ തല്ലി. രണ്ട് ചെവിയും പൊത്തി അടിച്ചു. ഇടയ്‌ക്കിടയ്‌ക്ക് വന്ന് അടിച്ചിരുന്നു”.
“വൈകുന്നേരം അഞ്ച് മണിക്ക് എല്ലാവരെയും പറഞ്ഞുവിട്ടു. പിറ്റേദിവസം രാവിലെ എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എംപി മന്മമദൻ എവിടെയെന്ന് ചോദിച്ച് വീണ്ടും തല്ലി. നീ എന്താ വീഴാത്തതെന്ന് അടിച്ചുകഴിഞ്ഞ് ഒരു പൊലീസുകാരൻ എന്നോട് ചോദിച്ചു. നീ വീഴുമോ എന്ന് നോക്കട്ടെയെന്ന് പറഞ്ഞ് വീണ്ടും തല്ലി. മരണം ഉറപ്പിച്ചാണ് ഞങ്ങൾ പോയത്. തിരിച്ചുവരുമെന്ന പ്രതീക്ഷ വേണ്ട എന്ന് പറഞ്ഞാണ് ഞങ്ങളെ വിട്ടത്. വിചിത്രമായ സമരം തന്നെയായിരുന്നു. ലോകത്തിൽ ആദ്യമായി പണം കൊടുത്ത് തല്ല് വാങ്ങിയ സമരക്കാരാണ് സംഘത്തിലെ ആളുകളെന്നും” അദ്ദേഹം പറഞ്ഞു.















