തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകൾ ആവർത്തിച്ച് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മോദിജിയുടെ വ്യക്തിപ്രഭാവവും ആദർശശുദ്ധിയും മനസ്സിലാക്കി കൊണ്ട് തന്നെയാണ് അഭിപ്രായം പറഞ്ഞതെന്ന് സ്വാമി വ്യക്തമാക്കി.
മോദിജി വളരെയേറെ സത്യസന്ധനും ആദർശ ശുദ്ധിയുള്ളയാളും ഏറെ സ്വാതിക ജീവിതം നയിക്കുന്ന ആളുമായി എനിക്ക് അനുഭവപ്പെട്ടു. അദ്ദേഹം ഒരു മതത്തെയും തള്ളിക്കളയുകയോ നിഷേധിക്കുകയോ ചെയ്തതായിട്ട് ചരിത്രമില്ല. അദ്ദേഹം പ്രധാനമന്ത്രി ആയതിന് ശേഷം ഇവിടെ പലതും സംഭവിക്കുമെന്ന പ്രതീതിയാണ് മാദ്ധ്യമങ്ങളടക്കം സൃഷ്ടിച്ചത്. ഒരു മതത്തെയോ അതിന്റെ ഗുരുക്കൻമാരേയൊ അദ്ദേഹം കഴിഞ്ഞ പത്തു പതിനൊന്ന് വർഷത്തിനിടയിൽ നിഷേധിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല. മഹാത്മാഗാന്ധിയുടെ ആദർശശുദ്ധി, ആദ്ധ്യാത്മിക ഭാവം എന്നിവ മോദിയിലുണ്ടെന്നും സ്വാമി മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ ഗാന്ധിയെ നിരവധി തവണ ശിവഗിരിയിലെ പരിപാടിക്ക് പോയി ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ തീർത്ഥാടനത്തിനും രാഹുലിനെയും പ്രിയങ്കയേയും ക്ഷണിച്ചിരുന്നുവെന്നും വന്നില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. എന്നാൽ മോദിജി ശിവഗിരി മഠത്തോട് വലിയ ആത്മാർത്ഥതയാണ് കാണിച്ചത്. മന്ത്രിമാരുടേയോ പാർട്ടി നേതാക്കളുടേയോ ബിജെപിക്കാരുടേയോ ആരുടേയും പ്രത്യേകമായ ശുപാർശയൊന്നും കൂടാതെ തന്നെ അദ്ദേഹം നേരിട്ട് ശിവഗിരി മഠവുമായി ബന്ധപ്പെടുകയും അദ്ദേഹം നേരിട്ട് തന്നെ തീയതി നിശ്ചയിച്ച് അനുവദിക്കുകയുമാണ് ചെയ്തതെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു.
നരേന്ദ്രമോദിയെ മഹാത്മഗാന്ധിയുടെ പ്രതീകമായാണ് കാണുന്നതെന്ന് കഴിഞ്ഞ ദിവസം സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. മഹാത്മ ഗാന്ധി-ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തിലായിരുന്നു അദ്ദേഹത്തിന വാക്കുകൾ. സ്വാമിയുടെ അഭിപ്രായം വിവാദമാക്കാനുള്ള ചിലരുടെ ശ്രമത്തിനുള്ള മറുപടി കൂടിയായി ഇന്നത്തെ അദ്ദേഹത്തിന്റെ പ്രതികരണം.















